ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലുമായി ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ 11 പേർ മരിച്ചു. കനത്ത മഴയെ തുടർന്നാണ് ദുരന്തങ്ങളുണ്ടായത്. റിയാസി, റംബാൻ ജില്ലകളിലാണ് നാശനഷ്ടങ്ങളുണ്ടായത്.

റിയാസി ജില്ലയിലെ ബദ്ദർ ഗ്രാമത്തിൽ രാത്രിയിലുണ്ടായ മണ്ണിടിച്ചിലിൽ നസീർ അഹമ്മദ് എന്ന 38 കാരൻ്റെ വീട്ടിൽ വലിയ ദുരന്തം സംഭവിച്ചു. ഇദ്ദേഹത്തോടൊപ്പം ഭാര്യയും അഞ്ചു മുതൽ 13 വയസ്സുവരെയുള്ള അഞ്ച് മക്കളും മണ്ണിനടിയിൽപ്പെട്ട് മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു.

റംബാൻ ജില്ലയിലെ രാജ്ഗ്രഹ് ഗ്രാമത്തിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അഞ്ച് പേർ മരിച്ചു. ഓം രാജ്, വിദ്യാ ദേവി, ദ്വാരക നാഥ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒരാളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ഈ ദുരന്തങ്ങളിൽ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ 160-ലധികം പേർക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും തീർത്ഥാടകരായിരുന്നു. ജമ്മുവിലെ കത്രയ്ക്കും രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള ട്രെയിൻ സർവീസുകൾ അഞ്ചാം ദിവസവും നിർത്തിവെച്ചിരിക്കുകയാണ്. ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതിനെ തുടർന്ന് ഇത് അടച്ചിട്ടിരിക്കുകയാണ്. കശ്മീരിലേക്കുള്ള പ്രധാന പാത എപ്പോൾ തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.