ന്യൂഡൽഹി: ബിജെപി എംപിയും മഥുരയിലെ സ്ഥാനാർത്ഥിയുമായ ഹേമ മാലിനിക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാലക്ക് ഹരിയാന വനിത കമീഷന്റെ നോട്ടീസ്. ഹരിയാനയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ പരാമർശത്തിൽ ഈ മാസം ഒമ്പതിന് നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദ്ദേശം.

സുർജെവാലയുടെ പരാമർശം ബിജെപി വിവാദമാക്കിയതിന് പിന്നാലെയാണ് കമീഷൻ ഇടപെടൽ. ഹേമമാലിനിയെ പോലുള്ളവർക്ക് എംപി സ്ഥാനം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് സുർജെവാല നടത്തിയ പരാമർശത്തിന്റെ വിഡിയോ 'എക്‌സി'ൽ പങ്കുവെച്ച് ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യയാണ് വിവാദത്തിന് തിരികൊളുത്തിയത്.

ആരോപണം നിഷേധിച്ച സുർജെവാല, തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം നൽകി വളച്ചൊടിച്ച് ബിജെപി ഐ.ടി സെൽ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ചു. പ്രസംഗത്തിന്റെ ബാക്കി ഭാഗം കൂടി പങ്കുവെച്ച സുർജെവാല ഹേമമാലിനിയെ ആദരിക്കുന്നുവെന്നാണ് താൻ പ്രസംഗിച്ചതെന്ന് പ്രതികരിച്ചു.