ന്യൂഡൽഹി: ഹോർലിക്‌സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്. ഹെൽത്ത് ഡ്രിങ് വിഭാഗത്തിൽ നിന്ന് ഹോർലിക്‌സിനെ ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക് വിഭാഗത്തിലേക്ക് മാറ്റി ഹിന്ദുസ്ഥാൻ യുനിലിവർ തീരുമാനം കൈക്കൊണ്ടു. ഹോർലിക്സിൽനിന്ന് 'ഹെൽത്ത്' എന്ന ലേബൽ ഒഴിവാക്കുകയും ചെയ്തു. 2006ലെ ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം എന്നതിന് വ്യക്തമായ നിർവചനം ഇല്ലാത്തതിനാലാണ് ഹോർലിക്‌സിന്റെ ലേബൽമാറ്റം.

ആരോഗ്യ പാനീയം എന്ന ലേബൽ ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. അതിനു പിന്നാലെ ബോൺവിറ്റയെയും മറ്റ് പാനീയങ്ങളെയും ആരോഗ്യ പാനീയങ്ങൾ എന്ന് നാമകരണം ചെയ്യരുതെന്ന് ഇ-കൊമേഴ്സ് വെബ്സൈറ്റുകളോട് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.

പാൽ ഉൾപ്പടെയുള്ള പാനീയങ്ങളെ ഹെൽത്ത് ഡ്രിങ്ക്സ്, എനർജി ഡ്രിങ്ക്സ് എന്നിങ്ങനെ തരംതിരിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാനും നിർദേശമുണ്ടായിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംമൂലം ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് തടയാനായിരുന്നു ഇത്.

പാനീയങ്ങളിലെ പഞ്ചസാരയുടെ ഉയർന്ന അളവ് സംബന്ധിച്ചുള്ള ആശങ്കകളെ തുടർന്നാണ് തീരുമാനം. ഏതാനും ദിവസംമുമ്പ് ബോൺവിറ്റയിൽ പരിശോധന നടന്നിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമങ്ങളിൽ വ്യക്തതയില്ലാത്തതായിരുന്നു അതിന് കാരണമായി പറഞ്ഞത്.