ബംഗളൂരു: ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ച യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ വീട്ടുകാർ. യുവാവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗഡാഗ്-ബെറ്റാഗേരി സ്വദേശിയായ 38-കാരൻ നാരായൺ വന്നാളാണ് നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

തലച്ചോറിലെ രക്തസ്രാവത്തെയും പിത്താശയ സംബന്ധമായ അസുഖത്തെയും തുടർന്നാണ് നാരായൺ വന്നാളിനെ ധാർവാഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ശേഷം യുവാവിന്റെ നില അതീവ ഗുരുതരമാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. തുടർന്ന് ആശുപത്രി അധികൃതർ ഇയാൾ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

കുടുംബാംഗങ്ങൾ മരണാനന്തര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും മൃതദേഹം ആംബുലൻസിൽ വീട്ടിലേക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ, സംസ്കരിക്കുന്നതിനായി മൃതദേഹം കുഴിയിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് നാരായൺ ശ്വാസമെടുക്കുന്നതായി ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഞെട്ടലോടെ എല്ലാവരും അദ്ദേഹത്തെ ഉടൻ ബെറ്റഗേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.