ബെംഗളൂരു: സിംഗപ്പൂരിലേക്ക് കൊണ്ടുപോകാൻ വിസമ്മതിച്ച ഭർത്താവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച് ഭാര്യ. 52 കാരിയായ സ്ത്രീയാണ് 56 കാരനായ ഭർത്താവിനെ കുത്തിയത്. ഭാര്യ വീട് വൃത്തിയായി സൂക്ഷിക്കില്ലെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോകില്ലെന്ന് പറഞ്ഞത്. ഇത് കേട്ട് ദേഷ്യം വന്ന ഭാര്യ അടുക്കളയിലുള്ള കത്തിയെടുത്ത് ബദ്രിയെ കുത്തുകയായിരുന്നു.

സംഭവത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ ഉപേക്ഷിച്ച് ഭർത്താവ് മകനെ കൂട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞതിൽ മനംനൊന്താണ് കുത്തിയതെന്നാണ് ഇവരുടെ മൊഴി. ബെംഗളൂരുവിലാണ് സംഭവം. 2002ലാണ് ഇരുവരുടേയും വിവാഹം. ദമ്പതികൾക്ക് 20 വയസുള്ള ഒരു മകനുമുണ്ട്. അമ്മയും മകനും ഇടക്കിടെ സിംഗപ്പൂർ സന്ദർശിക്കും. സിംഗപ്പൂരിൽ താമസിക്കുന്ന സമയത്ത് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഭാര്യ വീട്ടുജോലികൾ കൃത്യമായി ചെയ്യുന്നില്ലെന്നു പറഞ്ഞ് ഇരുവരും തമ്മിൽ സ്ഥിരം വഴക്കുണ്ടാകുമായിരുന്നു. ഇതിനിടെ ജനുവരി അഞ്ചിന് മൂവരും ബെംഗളൂരുവിലേക്ക് തിരിച്ചുവന്നു. ജനുവരി 19ന് മകനെ മാത്രം കൂട്ടി സിംഗപ്പൂരിലേക്ക് പോകാൻ തീരുമാനിച്ചതോടെ വീണ്ടും വഴക്കായി. ഉച്ചമയക്കത്തിലായിരുന്ന സമയത്താണ് കുത്തിയതെന്നും മുഖത്ത് മുളക് വെള്ളവും തളിച്ചുവെന്നും പരാതിയിലുണ്ട്.