പനാജി: ഗോവയില്‍ വിനോദ സഞ്ചാരികള്‍ കുറയുന്നതിന് കാരണം കണ്ടത്തി വിമര്‍ശനവുമായി ബിജെപി എംഎല്‍എ. ബീച്ചുകളിലെ ഹോട്ടലുകളില്‍ ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നത് അന്താരാഷ്ട്ര സഞ്ചാരികളുടെ കുറവിന് കാരണമാകുന്നു എന്നാണ് ഗോവയിലെ ബിജെപി എംഎല്‍എ മൈക്കല്‍ ലോബോ കുറ്റപ്പെടുത്തിയത്. വിനോദ സഞ്ചാരികള്‍ കുറയുന്നതില്‍ സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താനാവില്ല.

എല്ലാവര്‍ക്കും ഇതില്‍ തുല്യ പങ്കാളിത്തമുണ്ട്. ഗോവക്കാര്‍ ബീച്ചിലെ കടകള്‍ മറ്റു സ്ഥലങ്ങളിലുള്ള കച്ചവടക്കാര്‍ക്ക് വാടകക്ക് നല്‍കിയിരിക്കുകയാണെന്നും ലോബോ കുറ്റപ്പെടുത്തി. ബെംഗളൂരുവില്‍നിന്നുള്ള ചിലര്‍ അവരുടെ കടകളില്‍ വടാ പാവ് വില്‍ക്കുകയാണ്, മറ്റു ചിലര്‍ ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നു. ഇതിനാല്‍ തന്നെ കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്ത് അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നു.

ചില വിദേശികള്‍ എല്ലാ വര്‍ഷവും ഗോവ സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍, ചെറുപ്പക്കാരായ വിദേശികള്‍ ഗോവയില്‍നിന്ന് അകലം പാലിക്കുന്നു. എന്തുകൊണ്ടാണ് വിദേശികള്‍ ഗോവയില്‍ വരാത്തത് എന്നതിനെക്കുറിച്ച് ടൂറിസം വകുപ്പും മറ്റുള്ളവരും ഒരുമിച്ച് യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുകയും പഠിക്കുകയും വേണം. അല്ലെങ്കില്‍ ടൂറിസം മേഖലയില്‍ ഇരുണ്ട ദിനങ്ങളാണ് കാണാന്‍ സാധിക്കുക.

ഞാന്‍ ഇഡ്ഡലി സാമ്പാറിന് എതിരല്ല. അവ പ്രധാന റോഡുകളില്‍ ലഭിക്കും. എന്നാല്‍, കടല്‍ത്തീരത്ത് വിളമ്പേണ്ട ഭക്ഷണം വേറെത്തന്നെയാണ്. അത് അവിടെ ലഭിക്കുന്നില്ല. ഗോവന്‍ ഭക്ഷണം, മറ്റു രാജ്യങ്ങളിലെ വിഭവങ്ങള്‍, സീഫുഡ്, കോണ്ടിനെന്റല്‍ എന്നിവയെല്ലാം അവിടെ ലഭിക്കണം. അതിന് വേണ്ടിയാണ് സഞ്ചാരികള്‍ വരുന്നതെന്നും ലോബോ പറഞ്ഞു.

ബീച്ചുകളിലെ തെരുവ് നായ്ക്കളുടെ പ്രശ്‌നവും എംഎല്‍എ ഉന്നയിച്ചു. ലോകത്ത് മറ്റൊരു ബീച്ചിലും തെരുവ് നായ്ക്കളെ കാണാനാകില്ല. സഞ്ചാരികള്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നത് ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ലോബോ വ്യക്തമാക്കി. ഗോവയില്‍ ബീഫിന്റെ ലഭ്യത കുറയുകയാണെന്ന് കാണിച്ച് മുമ്പ് ലോബോ രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു. ഗോവയിലെ ബീഫ് കഴിക്കുന്ന ജനങ്ങളെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ഇദ്ദേഹം നിയമസഭയിലാണ് പരാതിപ്പെട്ടത്. ഗോരക്ഷകരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചില ഗോ സംരക്ഷകര്‍ അതിര്‍ത്തിയില്‍ നില്‍ക്കുകയും സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന ബീഫ് തടയുകയും ചെയ്യുന്നു. അവരെ പ്രതിരോധിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടുവെന്ന് താന്‍ കരുതുന്നു. ഗോവ മാംസ സമുച്ചയം അടച്ചുപൂട്ടി. ഗോവയില്‍ മാംസാഹാരികള്‍ ധാരാളമുണ്ട്. ഗോവയില്‍ ബീഫ് കഴിക്കാന്‍ വേണ്ടി മാത്രം വരുന്ന സഞ്ചാരികളുണ്ട്. ഞങ്ങളുടെ വിരുന്നുകള്‍ക്ക് ബീഫിന് ക്ഷാമമുണ്ട്' -ലോബോ നിയമസഭയില്‍ പറഞ്ഞു.