ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവിവരങ്ങൾ ചോദിച്ചതിന് പിഴ ലഭിച്ചതിനു പിന്നാലെ വീണ്ടും ചോദ്യം ഉന്നയിച്ചു കൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം സംബന്ധിച്ച് ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. നിരവധി കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന ആളായതിനാൽ പ്രധാനമന്ത്രി വിദ്യാസമ്പന്നനാകേണ്ടത് പ്രധാനമാണ്. വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി ഇന്ത്യക്ക് അപകടമാണ്. പ്രധാനമന്ത്രിയുടെ ശാസ്ത്ര പിൻബലമില്ലാത്ത അവകാശവാദങ്ങൾ ചൂണ്ടിക്കാട്ടി കെജ്രിവാൾ പറഞ്ഞു.

ബിരുദ വിവരങ്ങൾ പ്രധാനമന്ത്രി വെളിപ്പെടുത്താത്തതിന് രണ്ടു കാരണങ്ങൾ കണ്ടെത്താം. ആരെയും കാണിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ ഈഗോ ആകാം ഒന്ന്. അത് ജനാധിപത്യത്തിന് ചേർന്നതല്ല. മറ്റൊന്ന് ബിരുദം വ്യാജമാകാം. -കെജ്രിവാൾ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ അരവിന്ദ് കെജ്രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

കേന്ദ്ര വിവരാവകാശ കമ്മീഷൻ 2016ൽ ഗുജറാത്ത് സർവകലാശാലക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. വിവരങ്ങൾ നൽകേണ്ടത് ആവശ്യമില്ലെന്ന് പറഞ്ഞ കോടതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 25,000 രൂപ പിഴയും ചുമത്തിയിരുന്നു. നാലാഴ്ചക്കുള്ളിൽ പിഴയടക്കാനും കോടതി നിർദേശിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫിസ്, ഗുജറാത്ത് സർവകലാശാല, ഡൽഹി സർവകലാശാല എന്നിവയ്ക്കാണ് വിവരാവകാശ കമ്മിഷൻ ഉത്തരവ് നൽകിയത്. ഇതിനെതിരെ ഗുജറാത്ത് സർവകലാശാല നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഗുജറാത്ത് സർവകലാശാലയിൽ നിന്ന് 1978ൽ ബിരുദവും ഡൽഹി സർവകലാശാലയിൽ നിന്ന് 1983ൽ ബിരുദാനന്തര ബിരുദവും നേടിയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇതിന്റെ വിവരങ്ങളാണ് കെജരിവാൾ ആരാഞ്ഞത്.

'തങ്ങളുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അറിയാൻ രാജ്യത്തെ ജനങ്ങൾക്ക് അവകാശമില്ലേ? അദ്ദേഹത്തിന്റെ ബിരുദ വിവരം വെളിപ്പെടുത്തുന്നതിനെ കോടതിയിൽ ശക്തമായി അവർ എതിർത്തത് എന്തുകൊണ്ട്? ബിരുദ സർട്ടിഫിക്കറ്റ് ചോദിച്ചതിന് പിഴയോ? എന്താണ് സംഭവിക്കുന്നത്? വിദ്യാഭ്യാസയോഗ്യതയില്ലാത്ത പ്രധാനമന്ത്രിയോ, വിദ്യാഭ്യാസം കുറവുള്ള പ്രധാനമന്ത്രിയോ രാജ്യത്തിന് അപകടകരമാണ്' വിധിയോട് പ്രതികരിച്ച് കെജ്രിവാളിന്റെ ട്വീറ്റ് ഇങ്ങനെ.

കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോൾ, വിവരം വെളിപ്പെടുത്താൻ, സർവകലാശാലയെ നിർബന്ധിക്കാൻ ആവില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ' ജനാധിപത്യത്തിൽ, ഒരാൾക്ക് ഡോക്ടറേറ്റുണ്ടോ, നിരക്ഷരനാണോ എന്നതൊന്നും നാട് ഭരിക്കുന്നതിനെ ബാധിക്കുന്നില്ല. ഇക്കാര്യത്തിൽ ഒരു പൊതുതാൽപര്യവുമില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെയും ഇത് ബാധിക്കും. ആരുടെയെങ്കിലും, ബാലിശവും, നിരുത്തരവാദപരവുമായ ആകാംക്ഷയെ തൃപ്തിപ്പെടുത്താൻ വേണ്ടി വിവരം നൽകണമെന്ന് നമുക്ക് ആവശ്യപ്പെടാനാവില്ല, മേത്ത വാദിച്ചു. വിവരാവകാശ പ്രകാരം തേടുന്ന കാര്യം പൊതുപ്രവർത്തനവുമായി ബന്ധപ്പെട്ടതാവണം. പ്രാതലിന് എന്താണ് ഞാൻ കഴിച്ചതെന്ന് ചോദിക്കാൻ അവർക്കാവില്ല. എന്നാൽ, എത്ര തുക അതിന് മുടക്കി എന്ന് ചോദിക്കാം, സോളിസിറ്റർ ജനറൽ വാദിച്ചുകയറി.

അതേസമയം, തിരഞ്ഞെടുപ്പ് പത്രികാ ഫോറത്തിൽ വിദ്യാഭ്യാസ യോഗ്യത ചോദിക്കുന്നുണ്ടെന്നും, തങ്ങൾ ബിരുദ സർട്ടിഫിക്കറ്റിനാണ്, മാർക്ക് ഷീറ്റിനല്ല ചോദിക്കുന്നതെന്നും കെജ്രിവാളിന്റെ അഭിഭാഭഷകൻ പേഴ്സി കാവിന വാദിച്ചു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചൂണ്ടികാട്ടി ആംആദ്മി ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് കോടതി വിധി വന്നിരിക്കുന്നത്.

2016 ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദ വിവരങ്ങൾ അപേക്ഷകനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൈമാറാൻ നിർദ്ദേശം നൽകിയത്. എന്നാൽ വിശദാംശങ്ങൾ കൈമാറുന്നത് മോദിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഗുജറാത്ത് സർവകലാശാലയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചിരുന്നു.