ലക്‌നോ: ഐ.ഐ.ടി ഖരഗ്പൂര്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) ഖരഗ്പൂരിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ അനികേത് വാള്‍ക്കറിനെയാണ് ഏപ്രില്‍ 20 ഞായറാഴ്ച ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയാണ് 22 കാരനായ അനികേത് വാള്‍ക്കര്‍. ഓഷ്യന്‍ എഞ്ചിനീയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ ബിരുദം നേടുകയായിരുന്നു. സംഭവത്തില്‍ ഖരഗ്പൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണം അസ്വാഭാവിക മരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെങ്കിലും കൃത്യമായ കാരണം സ്ഥിരീകരിക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി അധികൃതര്‍ കാത്തിരിക്കുകയാണ്. വാള്‍ക്കറിന്റെ മൃതദേഹം സഹപാഠികള്‍ കണ്ടുവെന്നും അവര്‍ ഉടന്‍ തന്നെ കാമ്പസ് അധികൃതരെയും പൊലീസിനെയും അറിയിച്ചതായും പറയുന്നു.

ജനുവരിയില്‍ 21 കാരനായ സാവന്‍ മാലിക്കിന്റെ മരണത്തിനുശേഷം ഐ.ഐ.ടി ഖരഗ്പൂര്‍ കാമ്പസില്‍ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. 2023 ഒക്ടോബറിലും 2024 ജൂണിലും മുമ്പ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പ്രവണത സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് വീണ്ടും ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതെത്തുടര്‍ന്ന് കാമ്പസ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ കൗണ്‍സിലിങും പിന്തുണയും തേടാന്‍ പ്രോത്സാഹിപ്പിക്കുന്നു.