- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബംഗ്ലാദേശിലെ സംഭവങ്ങൾ വിമർശിക്കുന്നവർ ഇവിടെ നടക്കുന്ന ആൾക്കൂട്ടക്കൊലകളിൽ മൗനം പാലിക്കുന്നു'; ഇന്ത്യയിപ്പോൾ ഭാരതമോ ഹിന്ദുസ്ഥാനോ അല്ല, ലിഞ്ചിസ്ഥാനാണെന്ന് ഇൽതിജ മുഫ്തി
ശ്രീനഗർ: ഇന്ത്യ ഒരു 'ലിഞ്ചിസ്ഥാൻ' ആയി മാറിയെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയും ആൾക്കൂട്ടക്കൊലകളും ചൂണ്ടിക്കാട്ടിയാണ് ഇൽതിജയുടെ വിമർശനം. ഈ നിലപാടുകളെ പൂർണ്ണമായി പിന്തുണച്ചുകൊണ്ട്, രാജ്യത്തെ നീതിന്യായ വ്യവസ്ഥ രാഷ്ട്രീയവൽക്കരിക്കപ്പെട്ടുവെന്ന് പി.ഡി.പി അധ്യക്ഷ കൂടിയായ മെഹബൂബ മുഫ്തിയും ആരോപിച്ചു.
ബംഗ്ലാദേശിലെ സംഭവങ്ങളെ വിമർശിക്കുന്നവർ രാജ്യത്ത് നടക്കുന്ന ആൾക്കൂട്ടക്കൊലകളിൽ മൗനം പാലിക്കുന്നതായി ഇൽതിജ 'എക്‌സി'ലൂടെ കുറ്റപ്പെടുത്തി. "ഇന്ത്യയോ ഭാരതമോ ഹിന്ദുസ്ഥാനോ അല്ല. നിങ്ങളുടെ പേര് ലിഞ്ചിസ്ഥാൻ എന്നാണ്," എന്ന് അവർ കുറിച്ചു. ഒഡിഷയിൽ ബംഗ്ലാദേശിയെന്ന് മുദ്രകുത്തി കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട 19 വയസ്സുകാരനായ ബംഗാളി മുസ്‍ലിം കുടിയേറ്റ തൊഴിലാളി ജുയേൽ ഷെയ്ക്കിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു ഇൽതിജയുടെ പ്രതികരണം.
ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കവെ മെഹബൂബ മുഫ്തിയും രാജ്യത്ത് അസഹിഷ്ണുത വർധിച്ചുവരുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. "ബംഗ്ലാദേശിൽ സംഭവിക്കുന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു. എന്നാൽ അതിനെ വിമർശിക്കുന്നവർ അവരുടെ മുന്നിൽ ഇത്തരം ആൾക്കൂട്ടക്കൊലകൾ നടക്കുമ്പോൾ നിശബ്ദത പാലിക്കുകയാണ്," മെഹബൂബ പറഞ്ഞു. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഹിമാചൽ, ഉത്തരാഖണ്ഡ്, ഹരിയാണ എന്നിവിടങ്ങളിൽ മൂന്ന് കാശ്മീരി ഷാൾ വിൽപ്പനക്കാരെ വലതുപക്ഷ പ്രവർത്തകർ ഉപദ്രവിച്ച കേസുകളുണ്ടായതായും, മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ മർദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും മെഹബൂബ ചൂണ്ടിക്കാട്ടി.
Not India or Bharat nor Hindustan
— Iltija Mufti (@IltijaMufti_) December 26, 2025
Thy name is Lynchistaan. pic.twitter.com/2f8GZz1dS5
രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭൂരിഭാഗവും രാഷ്ട്രീയവൽക്കരിക്കപ്പെട്ടുവെന്നും മെഹബൂബ ആരോപിച്ചു. ജമ്മു കശ്മീരിന് പുറത്തുള്ള ജയിലുകളിൽ കഴിയുന്ന കാശ്മീരി വിചാരണത്തടവുകാരെ ജമ്മു കശ്മീരിലേക്ക് മാറ്റണമെന്ന തന്റെ പൊതുതാൽപര്യ ഹരജി (PIL) തള്ളിയ ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതിയുടെ സമീപകാല വിധിയെ പരാമർശിച്ചുകൊണ്ടായിരുന്നു അവരുടെ വിമർശനം. രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി കോടതികളെ ദുരുപയോഗം ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ജുഡീഷ്യറിയെ 'പക്ഷപാതപരമായ രാഷ്ട്രീയ അജണ്ട'കളിലേക്ക് മെഹബൂബ വലിച്ചിഴച്ചതായി കോടതി നേരത്തെ ആരോപിച്ചിരുന്നു.




