- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ- ബംഗ്ലാദേശ് ട്രെയിൻ വരുന്നു
കൊൽക്കത്ത: ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ പുതിയ ട്രെയിൻ സർവീസ് വരുന്നു. ബംഗ്ലാദേശിലെ രാജ്ഷാഹിക്കും കൊൽക്കത്തയ്ക്കും ഇടയിലാണു പുതിയ ട്രെയിൻ സർവീസ് നടത്തുക. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തമാക്കുന്നതിനാണ് പുതിയ ട്രെയിൻ സർവീസ്. 77 വർഷത്തെ ഇടവേളയ്ക്കു ശേഷമാണു രാജ്ഷാഹി കൊൽക്കത്ത ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം.
രാജ്ഷാഹി-കൊൽക്കത്ത ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതു വടക്കൻ ബംഗ്ലാദേശിലെയും രാജ്ഷാഹി ഡിവിഷനിലെയും ജനങ്ങൾക്ക് ഏറെ ഗുണകരമാകും. യാത്ര സുഗമമാക്കുന്നതിനൊപ്പം ഇന്ത്യയുമായി നല്ല ആശയവിനിമയ ബന്ധം സൃഷ്ടിക്കാനും പുതിയ ട്രെയിൻ വഴിയൊരുക്കുമെന്നാണു ബംഗ്ലാദേശിലുള്ളവർ കരുതുന്നത്. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള നാലാമത്തെ രാജ്യാന്തര ട്രെയിനാണിത്. കൊൽക്കത്ത-ധാക്ക 'മൈത്രീ എക്സ്പ്രസ്', കൊൽക്കത്ത-ഖുൽന 'ബന്ധൻ എക്സ്പ്രസ്', ന്യൂ ജൽപായ്ഗുഡി-ധാക്ക 'മിതാലി എക്സ്പ്രസ്' എന്നിവയാണു മുൻഗാമികൾ.
ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവയുമായുള്ള ആശയവിനിമയത്തിൽ പുതിയ ട്രെയിൻ രാജ്ഷാഹിയുടെ പ്രാധാന്യം വർധിപ്പിക്കുമെന്നു സിറ്റി കോർപറേഷൻ മേയർ ഖൈറുസ്സമാൻ ലിറ്റൺ പറഞ്ഞു. രാജ്ഷാഹിയെ വ്യാപാര-വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ ട്രെയിൻ സഹായിക്കുമെന്നു ബംഗ്ലാദേശ് സംഗ്ബാദ് സംഗസ്ത (ബിഎസ്എസ്) അഭിപ്രായപ്പെട്ടു. 1947ൽ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിനു മുൻപു രാജ്ഷാഹി-കൊൽക്കത്ത ട്രെയിൻ സർവീസുണ്ടായിരുന്നു. രാജ്ഷാഹിയിൽനിന്ന് നൂറുകണക്കിന് രോഗികളാണു ദിവസവും ചികിത്സയ്ക്കായി ഇന്ത്യയിലേക്കു വരുന്നത്. ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പതിവായി യാത്ര ചെയ്യുന്ന വ്യാപാരികൾക്കും ട്രെയിൻ ഉപകാരപ്പെടും.