- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഇന്ത്യ- ഒമാന്‍ വ്യാപാര വളര്‍ച്ചക്ക് വഴിയൊരുക്കും: ഒമാന്‍ വ്യവസായ വാണിജ്യ മന്ത്രി ഖൈസ് അല്‍ യൂസുഫ്
മസ്കത്ത്: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ നടപ്പാക്കുന്നത് ഇന്ത്യയും ഒമാനും തമ്മിലെ ഉഭയകക്ഷി വ്യാപാരം പുതിയ തലങ്ങളിലേക്ക് ഉയരുമെന്ന് വ്യവസായ, വാണിജ്യ, നിക്ഷേപക പ്രോത്സാഹന മന്ത്രിഖൈസ് അല്‍ യൂസുഫ്. ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡിലീസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്)ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായി മന്ത്രാലയത്തില്‍ നടന്ന കൂടികാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഉല്പാദനം, ഗതാഗതം, ചരക്കുനീക്കം, ടൂറിസം, ഊര്‍ജം, ഖനനം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനാണ് രാജ്യം മുന്‍ഗണന നല്‍കുന്നതെന്ന് പറഞ്ഞ ഖൈസ് അല്‍ യൂസുഫ് ഇന്‍മെക് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയും ഉറപ്പുനല്‍കി.
ഇന്‍മെക് ഒമാന്‍ ചാപ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഒമാന്‍ ചേംബറിന് കീഴില്‍ വേണം നടത്താനെന്നും ഇതിനായി രജിസ്ട്രേഷന് സംവിധാനം നടപ്പിലാക്കുമെന്നും വ്യവസായ, വാണിജ്യമന്ത്രി പറഞ്ഞു. നവീനാശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാന്‍ ഇരു രാജ്യങ്ങളിലെയും സ്റ്റാര്‍ട്ട്അപ്പ് നിക്ഷേപകര്‍ക്കായി ഒമാന്‍ ചേംബറുമായി ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ സാധ്യതകള്‍ കൂടികാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇന്‍വെസ്റ്റ് ഒമാന്‍, ഒമാന്‍ ബിസിനസ് ഫോറം എന്നിവക്ക് ഇന്‍മെക് നല്കാന് കഴിയുന്ന പിന്തുണയുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടികാഴ്ചയില്‍ വിഷയമായി. ഇന്‍വെസ്റ്റ് ഒമാന്‍, ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവയുടെ പങ്കാളിത്തത്തോടെ വാര്‍ഷിക മെഗാ ഇവന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം ഇന്‍മെക് കൂടികാഴ്ചയില്‍ മുന്നോട്ടുവെച്ചു. ഒമാെന്റ സമഗ്ര ബിസിനസ് അന്തരീക്ഷത്തിന് ഈ വാര്‍ഷിക പരിപാടി ഗുണം ചെയ്യുമെന്ന് ഇന്‍മെക് അംഗങ്ങള്‍ ചൂണ്ടികാട്ടി.
ഹോട്ടല്‍ അതിഥി വ്യവസായ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ സഹകരണ സാധ്യതകളും കൂടികാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും വിധം ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാറ്റിയെടുക്കേണ്ടതുണ്ട്. ഒമാനിലെ ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നത് സംബന്ധിച്ചും വിശദ ചര്‍ച്ചകള്‍ നടന്നു. ഇതിനായി ഇന്‍ഷൂറന്‍സ് നിയമങ്ങളില്‍ മന്ത്രി തല ഇടപെടല്‍ വേണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചൂണ്ടികാണിച്ചു. സേവനദാതാക്കള്‍ക്ക് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പണമൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ക്രമപ്പെടുത്തുകയും വേണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ചൂണ്ടികാട്ടി.
ഇന്‍മെക് ഒമാന്‍ ചാപ്റ്റര്‍ പ്രസിഡന്റ് മുഹിയുദ്ദീന് മുഹമ്മദലിയുടെ നേതൃത്വത്തില്‍ ഇന്‍മെക് സെക്രട്ടറി ജനറല്‍ ഡോ. സുരേഷ് കുമാര്‍ മധുസുദനന്‍ ഒമാന്‍ ഡയറക്ടര്‍ ഡേവിസ് കല്ലൂക്കാരന്, വൈസ് ചെയര്മാന്മാരായ ഡോ.ജെയിംസ് മാത്യു (യു.എ.ഇ), സിദ്ദീഖ് അഹമ്മദ് (സൗദി അറേബ്യ), കുവൈത്ത് ഡയറക്ടര്‍ രാജേഷ് സാഗര്‍ എന്നിവര്‍ കൂടികാഴ്ചയില്‍ പങ്കെടുത്തു.
ഇന്ത്യയിലെയും പശ്ചിമേഷ്യ രാജ്യങ്ങളിലെയും പ്രൊഫഷനലുകളുടെയും ബിസിനസുകാരുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലാഭേഛയില്ലാത്ത കോര്‍പറേറ്റ് കൂട്ടായ്മയാണ് ഇന്‍ഡോ ഗള്‍ഫ് മിഡിലീസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സ്. സര്‍ക്കാര്‍ ഏജന്‍സികള്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും ഇന്ത്യയുടെയും എംബസികള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ വ്യാപാരവും വ്യവസായവും വളര്‍ത്താന്‍ ലക്ഷ്യമിട്ട് 2022 മാര്‍ച്ചില്‍ ഇന്ത്യയിലാണ് കൂട്ടായ്മയുടെ തുടക്കം. കഴിഞ്ഞ വര്‍ഷമാണ് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സുമായി സഹകരണ കരാര്‍ ഒപ്പുവെച്ചത്. ഒമാന്‍ പുറമെ യു.എ.ഇ, സൗദി, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും കേരള, മഹാരാഷ്ട്ര, ന്യൂദല്‍ഹി, തമിഴ്നാട് എന്നിവിടങ്ങളിലും കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒമാന്‍ ചാപ്റ്റര്‍ വേറിട്ട പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഒമാന്‍ ചേംബറിന് കീഴിലെ വിദേശ നിക്ഷേപക കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയര്‍മാനായി ഡേവിസ് കല്ലൂക്കാരനെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്തിരുന്നു. മത്സ്യബന്ധന മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തില്‍ ചേംബറുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംഘടിപ്പിച്ച സെമിനാര്‍ ശ്രദ്ധേയമായിരുന്നു. ഈ സെമിനാറില്‍ കേരളത്തിലെ സമുദ്ര ഷിപ്പ് ബില്‍ഡിങ് യാര്‍ഡും ഒമാനിലെ പ്രാദേശിക കമ്പനികളുമായി രണ്ട് ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് സംഘടിപ്പിച്ച ടൂറിസം സെമിനാറാണ് മറ്റൊന്ന്. ഇതില്‍ മുംബൈയിലെ വെസ്റ്റ് കോസ്റ്റ് മറൈന്‍ സര്‍വിസസും ഒമാനിലെ മൊഹ്സിന്‍ ഹൈദര്‍ ദാര്‍വിഷ് ഗ്രൂപ്പും ധാരണാപത്രം ഒപ്പിട്ടിരുന്നു. നിലവില്‍ 20 അംഗങ്ങളാണ് ഒമാന്‍ ചാപ്റ്ററിലുള്ളത്. അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കൂട്ടായ്മ.