ഡൽഹി: ഓടുന്ന ട്രെയിനിൽ നിന്ന് മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ റെയിൽവേ കോച്ച് അറ്റൻഡന്‍റിനെ ഇന്ത്യൻ റെയിൽവേ പിരിച്ചുവിട്ടു. സീൽഡാ-അജ്മീർ എക്സ്പ്രസ് (12987) ട്രെയിനിലുണ്ടായ സംഭവം യാത്രക്കാരൻ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് റെയിൽവേയുടെ നടപടി. റെയിൽവേയുടെ ശുചിത്വ-മാലിന്യ സംസ്കരണ രീതികളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നിട്ടിരിക്കുകയാണ്.

നവംബർ 4-ന് കാൺപൂരിൽ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന അഭിഷേക് സിംഗ് പാർമർ എന്ന യാത്രക്കാരനാണ് റെയിൽവേ ജീവനക്കാരൻ മാലിന്യം വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ജീവനക്കാരനെ തടയാൻ ശ്രമിച്ചെങ്കിലും, "ഇത് വീട്ടിലേക്ക് കൊണ്ടുപോകണോ?" എന്ന് മറുപടി പറഞ്ഞ് അയാൾ വീണ്ടും മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഡിയോയിൽ നിന്ന് ഇയാളെ സഞ്ജയ് സിംഗ് എന്ന കോച്ച് അറ്റൻഡന്‍റ് ആണെന്ന് തിരിച്ചറിഞ്ഞു.

വീഡിയോ വൈറലായതിനെത്തുടർന്ന് റെയിൽവേ അധികൃതർ അന്വേഷണം നടത്തുകയും കരാർ ജീവനക്കാരനായ സഞ്ജയ് സിംഗിനെ ഉടൻ പിരിച്ചുവിടുകയുമായിരുന്നു. ഓൺബോർഡ് ഹൗസ് കീപ്പിങ് സർവീസ് (OBHS) കരാറുകാരനായിരുന്നു സഞ്ജയ് സിംഗ്. സംഭവത്തിൽ റെയിൽവേ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിന് ഖേദം പ്രകടിപ്പിച്ചു. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനുള്ള നിരന്തര പരിശ്രമങ്ങൾ തുടരുമെന്നും റെയിൽവേ അറിയിച്ചു.