ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ കുപ്പിവെള്ളമായ 'റെയിൽ നീരി'ന് വില കുറച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി (ജി.എസ്.ടി) ഇളവുകൾ പ്രകാരമാണ് റെയിൽവേ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പുതിയ വില സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

ഇതുപ്രകാരം, ഒരു ലിറ്റർ റെയിൽ നീര് കുപ്പിവെള്ളത്തിന്റെ വില 15 രൂപയിൽ നിന്ന് 14 രൂപയായി കുറയും. 500 മില്ലിലിറ്റർ കുപ്പിവെള്ളത്തിന്റെ വില 10 രൂപയിൽ നിന്ന് 9 രൂപയായും കുറച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) ആണ് റെയിൽ നീര് നിർമ്മിക്കുന്നത്.

പുതിയ ജി.എസ്.ടി ഘടന പ്രകാരം ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും 5 ശതമാനവും 18 ശതമാനവും നികുതി മാത്രമായിരിക്കും ഈടാക്കുക. അതേസമയം, ആഡംബര വസ്തുക്കൾക്ക് 40 ശതമാനം വരെ നികുതി ചുമത്തും. നിലവിൽ 5, 12, 18, 28 എന്നിങ്ങനെ നാല് ജി.എസ്.ടി സ്ലാബുകളാണ് നിലവിലുള്ളത്. ജി.എസ്.ടിയിലെ മാറ്റങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽ നീരിന്റെ വില കുറച്ചിരിക്കുന്നത്.