ചെന്നൈ: നിറയെ യാത്രക്കാരുമായി പറന്നിറങ്ങാന്‍ ഒരുങ്ങിയ ഇന്‍ഡിഗോ വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡില്‍ പൊട്ടല്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാവിലെ മധുരയില്‍ നിന്നും 76 യാത്രക്കാരുമായി ചെന്നൈയിലേക്ക് പറന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പായാണ് വിന്‍ഡ് ഷീല്‍ഡില്‍ പൊട്ടലുണ്ടായത് പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്.

ഉടന്‍തന്നെ ചെന്നൈ വിമാനത്താവള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കുകയും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നതിനുള്ള അടിയന്തിര സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ പ്രത്യേക ബേ തയ്യാറാക്കിയാണ് ലാന്‍ഡിങ്ങിന് ക്രമീകരണം നടത്തിയത്.

രാവിലെ 11.12ഓടെ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത ഉടന്‍ വിമാനം 95 നമ്പര്‍ ബേയിലേക്ക് മാറ്റി വിദഗ്ധരുടെ നേതൃത്വത്തില്‍ സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കി. എന്നാല്‍, ഗ്ലാസില്‍ പൊട്ടില്‍ വീഴാനുള്ള കാരണം കണ്ടെത്തിയിട്ടില്ല. വലിയ ദുരന്തത്തിന് ഇടയാക്കാവുന്ന ഗുരുതര അപകടമായാണ് വിന്‍ഡ് ഷീല്‍ഡിലെ പൊട്ടലിനെ വിലയിരുത്തുന്നത്. വിമാനം യാത്രയിലാണെങ്കില്‍ നിയന്ത്രണം നഷ്ടമായി തകര്‍ന്നു വീഴാന്‍ വരെ ഇടയായേക്കും.

രാജ്യത്ത് ഉത്സവ സീസണ്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ആഭ്യന്തര യാത്രാ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ആലോചനകള്‍ക്കായി വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു മുതിര്‍ന്ന വിമാന കമ്പനികളുടെയും, വ്യോമയാന ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ഇന്‍ഡിഗോയിയെ ഗുരുതര സുരക്ഷാ വീഴ്ച.