ഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് വിശാഖപട്ടണത്തുനിന്നുള്ള ഇൻഡിഗോ വിമാനം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. എൻജിൻ തകരാറിലായതാണ് അടിയന്തര ലാൻഡിങ്ങിന് കാരണമെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ശനിയാഴ്ച രാവിലെ 10.53-ഓടെയാണ് വിമാനം അടിയന്തരമായി ഇറക്കേണ്ടി വരുമെന്ന സന്ദേശം കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതോടെ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. റൺവേയിൽ അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കി.

അല്പസമയത്തിനകം തന്നെ വിമാനം സുരക്ഷിതമായി റൺവേയിൽ തൊട്ടു. തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിച്ചു. വിമാനത്തിന്റെ സാങ്കേതിക തകരാറിനെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു.