മുംബൈ: വന്ദേ ഭാരത് എക്സ്പ്രസ്സിലെ ഭക്ഷണത്തിൽ പ്രാണി. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്ത യുവാവിനാണ് ദാൽ ചാവലിൽ (പരിപ്പുകറി) നിന്ന് പ്രാണിയെ ലഭിച്ചത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഭക്ഷണ വിതരണ കരാറുകാരനെതിരെ 10 ലക്ഷം രൂപ പിഴ ചുമത്തിയും ലൈസൻസ് റദ്ദാക്കാൻ നോട്ടീസ് നൽകിയും ഐആർസിടിസി കർശന നടപടിയെടുത്തു.

മുംബൈ സ്വദേശിയായ യാത്രക്കാരനാണ് തന്റെ ദുരനുഭവം എക്സിലൂടെ പങ്കുവെച്ചത്. തന്റെ കോച്ചിൽ മാത്രം സമാനമായ രണ്ട് സംഭവങ്ങൾ ഉണ്ടായതായും ഇതോടെ സഹയാത്രികർ ഉൾപ്പെടെ എല്ലാവരും ഭക്ഷണം കഴിക്കുന്നത് നിർത്തിയെന്നും അദ്ദേഹം കുറിച്ചു.

"ഭക്ഷണം FSSAI മാനദണ്ഡങ്ങൾക്കനുസരിച്ചല്ല തയ്യാറാക്കുന്നതെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. കുറ്റം കണ്ടെത്തിയാൽ വിതരണക്കാരുടെ ലൈസൻസ് റദ്ദാക്കണം. കൈക്കൂലിയിലൂടെ ഈ വിഷയം ഒത്തുതീർപ്പാവില്ലെന്ന് പ്രതീക്ഷിക്കുന്നു." - യാത്രക്കാരന്റെ കുറിപ്പിൽ പറയുന്നു. യാത്രക്കാരന്റെ പോസ്റ്റ് ചർച്ചയായതോടെ വിശദീകരണവുമായി റെയിൽവേ രംഗത്തെത്തി. യാത്രക്കാരനുണ്ടായ അസൗകര്യത്തിൽ ഐആർസിടിസി ക്ഷമ ചോദിച്ചു.

"വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ശുചിത്വത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കുമാണ് റെയിൽവേ മുൻഗണന നൽകുന്നത്. വീഴ്ച വരുത്തിയ കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ കരാർ റദ്ദാക്കുന്നതിനായി നോട്ടീസും നൽകി." - ഐആർസിടിസി ഔദ്യോഗികമായി അറിയിച്ചു.

വന്ദേ ഭാരതിലെ ഭക്ഷണത്തെക്കുറിച്ച് മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടി. സുരക്ഷാ കാരണങ്ങളാൽ ട്രെയിനിലെ ഭക്ഷണം ഒഴിവാക്കി വീട്ടിൽ നിന്നുള്ള ഭക്ഷണം കരുതുകയാണ് പതിവെന്ന് ചിലർ കമന്റ് ചെയ്തപ്പോൾ, ഇത്തരം സംഭവങ്ങൾ വന്ദേ ഭാരതിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുവെന്ന് മറ്റ് ചിലർ കുറിച്ചു.