- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനന്ദ് അംബാനിയുടെ 'വൻതാര'യിലെ ക്രമക്കേടുകൾ അന്വേഷിക്കും: ജസ്റ്റിസ് ചെലമേശ്വർ അധ്യക്ഷനായ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് സുപ്രീം കോടതി; സെപ്റ്റംബർ 12-നകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ നേതൃത്വത്തിലുള്ള 'വൻതാര' വന്യജീവി സംരക്ഷണ കേന്ദ്രത്തിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. സാമ്പത്തിക ക്രമക്കേട്, കള്ളപ്പണം വെളുപ്പിക്കൽ, രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വന്യജീവികളെ നിയമവിരുദ്ധമായി എത്തിക്കൽ തുടങ്ങിയ ആരോപണങ്ങൾ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ജസ്തി ചെലമേശ്വർ അധ്യക്ഷനായ സമിതി പരിശോധിക്കും. സെപ്റ്റംബർ 12-നകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം.
ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. തുടർനടപടികൾക്ക് കോടതിയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു വസ്തുതാന്വേഷണ സമിതിയായാണ് എസ്.ഐ.ടി പ്രവർത്തിക്കേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി. ഉത്തരാഖണ്ഡ്, തെലങ്കാന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ, മുംബൈ മുൻ പോലീസ് കമ്മീഷണർ ഹേമന്ത് നഗ്രാലെ, അഡീഷണൽ കമ്മീഷണർ അനീഷ് ഗുപ്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ഗുജറാത്തിലെ ജാംനഗറിൽ 3,500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വൻതാര 2024-ലാണ് പ്രവർത്തനം ആരംഭിച്ചത്. തുടക്കം മുതൽ സ്ഥാപനത്തിനെതിരെ വിവിധ കോണുകളിൽനിന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. അടുത്തിടെ കോലാപ്പൂരിലെ നന്ദിനി ഗ്രാമത്തിൽ നിന്ന് 'മഹാദേവി' എന്ന പിടിയാനയെ വൻതാരയിലേക്ക് മാറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ആനയെ കൊണ്ടുപോകാനെത്തിയ വാഹനങ്ങൾ നാട്ടുകാർ തടയുകയും 'ജിയോ ബഹിഷ്കരിക്കുക' എന്ന പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. അറക്കാനായി കൊണ്ടുപോവുകയായിരുന്ന കോഴികളെ ആനന്ദ് അംബാനി വിലയ്ക്ക് വാങ്ങി വൻതാരയിലേക്ക് മാറ്റിയതും വാർത്തയായിരുന്നു.