- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമപ്രകാരം കോഴി മൃഗമാണെന്ന് ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ; ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് ചൂണ്ടിക്കാട്ടി മറുപടി
അഹമ്മദാബാദ്: കോഴി മൃഗമാണോ പക്ഷിയാണോ എന്ന ഗുജറാത്ത് ഹൈക്കോടതിയുടെ സംശയത്തിന് മറുപടിയുമായി സംസ്ഥാന സർക്കാർ. കോഴികൾ നിയമപ്രകാരം മൃഗങ്ങളുടെ വിഭാഗത്തിൽ പെടുന്നതാണെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം കോഴിയും അതേ ഇനത്തിൽപെടുന്ന പക്ഷികളും മൃഗവിഭാഗത്തിൽ പെടുമെന്നാണ് സർക്കാർ കണ്ടെത്തൽ. അങ്ങനെയെങ്കിൽ കോഴിക്കടകൾക്ക് നിയമം പൂർണമായി പാലിക്കാൻ വെറ്റിനറി ഡോക്ടർമാരെ ഏൽപ്പിക്കേണ്ടി വരുമെന്നാണ് കോഴിക്കടക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പേഴ്സി കവീനയുടെ പ്രതികരണം.
കശാപ്പുശാലകൾക്ക് പകരം കോഴികളെ ഇറച്ചിക്കോഴി വിൽക്കുന്ന കടകളിൽ വച്ച് കൊല്ലുന്നതിനെതിരെ സന്നദ്ധസംഘടനകളായ അനിമൽ വെൽഫെയർ ഫൗണ്ടേഷൻ, അഹിംസാ മഹാ സംഘ് എന്നിവരാണ് പൊതുതാൽപര്യ ഹർജിയുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് അനുമതിയില്ലാത്ത ഇറച്ചിക്കടകൾക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ഇതിനെത്തുടർന്ന് പല ഇറച്ചിക്കടകളും പൂട്ടേണ്ടിവന്നതോടെ കോഴിക്കടകളുടെ ഉടമകളും കോടതിയെ സമീപിച്ചിരുന്നു. അതിനിടെ, കേസ് പരിഗണിക്കുമ്പോഴാണ് നിയമപ്രകാരം കോഴി പക്ഷിയാണോ മൃഗമാണോ എന്നതിൽ സംശയമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ നിയമലംഘനം ആരോപിച്ച് തദ്ദേശസ്ഥാപനങ്ങൾ ഇറച്ചിക്കടകളിൽ പരിശോധന നടത്തി അടച്ചുപൂട്ടിച്ചിരുന്നു. ഇതിനെതിരെ കോഴിവിൽപ്പനക്കാരുടെ സംഘടനയും കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജികൾ പരിഗണിക്കുമ്പോഴാണ് കോഴി പക്ഷിയാണോ മൃഗമാണോ എന്ന ചോദ്യം കോടതി ഉന്നയിച്ചത്. കോഴികൾ മൃഗപരിപാലന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സർക്കാർ പ്ലീഡർ മനീഷ ലവ്കുമാറാണ് കോടതിയെ അറിയിച്ചത്.




