ഹൈദരബാദ്: ഐടി പ്രൊഫഷണലായ യുവതിയെയും കൗമാരക്കാരായ രണ്ട് മക്കളെയും തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തെലുങ്കാനയിലാണ് സംഭവം. ശനിയാഴ്ച ചെര്‍ലപ്പള്ളിക്കും ഘാട്‌കേസര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയിലുള്ള ഡൗണ്‍ ലൈനില്‍ ആണ് സംഭവം.

ബോഡുപ്പലിലെ ഹരിതഹാരം കോളനിയില്‍ താമസിക്കുന്ന പിന്റി വിജയശാന്തി റെഡ്ഡി (35),അവരുടെ രണ്ട് മക്കളായ ചേതന (18),വിശാല്‍ റെഡ്ഡി (17)എന്നിവരാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു.ചേതന ഇന്റര്‍മീഡിയറ്റ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇളയ സഹോദരന്‍ വിശാല്‍ ഇന്റര്‍മീഡിയറ്റ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും.

പ്രദേശവാസികള്‍ പറയുന്നതനുസരിച്ച്, കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നില്ല. വിജയ ശാന്തി റെഡ്ഡി ഒരു സോഫ്റ്റ്വെയര്‍ പ്രൊഫഷണലായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് സുരേന്ദര്‍ റെഡ്ഡി നെല്ലൂരിലെ ഒരു സെറാമിക് കമ്പനിയില്‍ ജോലി ചെയ്യുന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെ ചെര്‍ലപ്പള്ളി സെക്ഷനില്‍ കിലോമീറ്റര്‍ നമ്പര്‍ 206/48ല്‍ ഒരു ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് വാക്കി-ടോക്കി വഴി അധികാരികളെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്.

ഗുരുതരമായ പരിക്കുകളോടെ മൃതദേഹങ്ങള്‍ ട്രാക്കുകള്‍ക്കിടയില്‍ കിടക്കുന്നതായി കണ്ടെത്തി,പിന്നീട് ബോഡുപ്പലിലെ ഹരിതഹാരം കോളനി നിവാസികളാണെന്ന് തിരിച്ചറിഞ്ഞു.

പ്രാഥമിക കണ്ടെത്തലുകളുടെയും ലോക്കോ പൈലറ്റിന്റെ മൊഴിയുടെയും അടിസ്ഥാനത്തില്‍,സംഭവം ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കേസ് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.