ബറേലി: ഉത്തർപ്രദേശിലെ ജയിലിൽ നിന്നും സോഷ്യൽ മീഡിയിൽ ലൈവ് വീഡിയോയുമായി കൊലക്കേസ് പ്രതി. ഉത്തർപ്രദേശിലെ ബറേലി ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതി ആസിഫാണ് ജയിലിൽ നിന്നും ലൈവിൽ വന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ 'ഞാൻ സ്വർഗത്തിലാണ്, ആസ്വദിക്കുകയാണ്, ഉടൻ പുറത്തിറങ്ങും'- എന്നാണ് പറയുന്നത്.

ഷാജഹാൻപൂരിലെ സദർ ബസാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019ൽ പിഡബ്ല്യൂഡി കോൺട്രാക്ടർ രാകേഷ് യാദവിനെ വെടിവച്ചു കൊന്ന കേസിലെ പ്രതിയാണ് ആസിഫ്. വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കൊല്ലപ്പെട്ട രാകേഷിന്റെ സഹോദരൻ വ്യാഴാഴ്ച ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകി. പ്രതിക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഉടനടി നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അന്വേഷണത്തിൽ കുറ്റക്കാർ ആരായാലും അവർക്കെതിരെ നടപടിയുണ്ടാകുമെന്നും ജയിൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കുന്തൽ കിഷോർ പറഞ്ഞു.