- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിവെള്ള വിതരണ പൈപ്പുകളില്‍ മലിനജലം കലര്‍ന്നു; ജയ്പൂരില്‍ നൂറുകണക്കിന് ആളുകള്‍ ചികിത്സയില്‍; പ്രദേശത്ത് കടുത്ത ആശങ്ക
കുടിവെള്ള വിതരണ പൈപ്പുകളില്‍ മലിനജലം കലര്‍ന്നു

ജയ്പൂര്‍: രാജസ്ഥാനിലെ സുശീല്‍പുര മേഖലയില്‍ കുടിവെള്ള വിതരണ പൈപ്പുകളില്‍ മലിനജലം കലര്‍ന്നതിനെത്തുടര്‍ന്ന് പടര്‍ന്നുപിടിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം നൂറുകണക്കിന് ആളുകള്‍ ദുരിതത്തില്‍. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രശ്‌നം ഇതുവരെ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഓരോരുത്തരായി അവശനിലയിലാവുന്നത് പ്രദേശത്ത് കടുത്ത ഭീതി പടര്‍ത്തിയിരിക്കുകയാണ്.
ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, പനി, മനംപുരട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ഭൂരിഭാഗം പേരും ചികിത്സ തേടുന്നത്. കുട്ടികളെയും മുതിര്‍ന്നവരെയുമാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. പ്രദേശത്തെ ഏതാണ്ട് എല്ലാ വീടുകളിലും ഒരാളെങ്കിലും രോഗബാധിതരാണെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം സമാനമായ ലക്ഷണങ്ങളുള്ള 150-ലധികം രോഗികളെ ചികിത്സിച്ചതായി പ്രാദേശിക സര്‍ക്കാര്‍ ഡിസ്‌പെന്‍സറിയിലെ ഡോ അനില്‍ മേത്ത അറിയിച്ചു.സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും സമാനമായ കേസുകളുടെ എണ്ണം ഇരട്ടിയിലധികമാണ്.
പ്രദേശത്ത് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നിര്‍മ്മാണത്തിനായി റോഡ് കുഴിച്ചപ്പോള്‍ ഭൂഗര്‍ഭ കുടിവെള്ള പൈപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അശ്രദ്ധമൂലം ഇത് അറ്റകുറ്റപണി നടത്തുകയോ ശ്രദ്ധിക്കയോ ചെയ്തില്ല. ക്രമേണ അഴുക്കുചാലിലെ മലിനജലം കുടിവെള്ള ലൈനില്‍ കടക്കാന്‍ ഇടയാക്കി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഓടകള്‍ നിറഞ്ഞൊഴുകുന്നതും തകര്‍ന്ന റോഡുകളും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. കുടിവെള്ളത്തിനായി ടാങ്കറുകളെയും കുപ്പി വെള്ളത്തെയും ആശ്രയിക്കേണ്ടി വരുന്നത് ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടാക്കുന്നത്.


