ലക്‌നൗ: ഐ സി യുവിൽ ഷൂ ധരിച്ച് പ്രവേശിക്കാൻ ശ്രമിച്ച സിറ്റി മേയറെ തടഞ്ഞതിന് ജെസിബി ഉപയോഗിച്ചു പ്രതികാരം. ആശുപത്രി ഇടിച്ച് നിരത്താൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. ലക്‌നൗവിൽ താനാ ബിജ്‌നൗറിലെ സ്വകാര്യ ആശുപത്രിയായ വിനായക് മെഡികെയറിലാണ് സംഭവം. ഇവിടുത്തെ സിറ്റി മേയർ സുഷമ ഖരക്വാളിനോടാണ് ഐ സി യുവിൽ കയറുന്നതിന് മുൻപ് ഷൂ അഴിക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്.

തുടർന്ന് മേയറും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ ആശുപത്രി വളപ്പിന് പുറത്ത് പോസ്റ്ററുകൾ പതിക്കുകയും ജെ സി ബി കൊണ്ടുവരികയും ചെയ്തു. എന്നാൽ പൊലീസ് എത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.മുനിസിപ്പൽ കോർപ്പറേഷനിലെ ആർമി ബ്രിഗേഡിൽ നിന്ന് വിരമിച്ച സൈനികനായ സുരൻ കുമാറിനെയാണ് മേയർ ആശുപത്രിയിൽ കാണാൻ വന്നത്.

മേയറും സഹപ്രവർത്തകരും ഷൂ ധരിച്ച് ഐസിയുവിലേക്ക് കടക്കാൻ ശ്രമിച്ചത് തടഞ്ഞെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.എന്നാൽ, ജീവനക്കാരും സിറ്റി മേയറും തമ്മിലുള്ള തർക്കത്തിന്റെ റിപ്പോർട്ടുകൾ തെറ്റാണെന്ന് ആശുപത്രി ഡയറക്ടർ മുദ്രിക സിങ് വ്യക്തമാക്കി. തങ്ങൾക്കിടയിൽ ഒരു തർക്കവും ഉണ്ടായിട്ടില്ലെന്നും സിങ് പറഞ്ഞു. മേയറും ഡോക്ടർമാരും തമ്മിൽ വാക്കേറ്റമുണ്ടായാതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും അവർ അവകാശപ്പെട്ടു.