ബെയ്ജിങ്: ചൈനീസ് മുൻ പ്രസിഡന്റ് ജിയാങ് സെമിൻ അന്തരിച്ചു. 96 വയസായിരുന്നു. രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. അവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെ ബുധനാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ചൈനീസ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 1993 മുതൽ 2003 വരെയാണ് ഇദ്ദേഹം പ്രസിഡന്റായിരുന്നത്.

ടിയാനന്മെൻ ചത്വര പ്രക്ഷോഭത്തെ തുടർന്ന് ചൈന ഒറ്റപ്പെട്ടുനിന്ന് കാലത്താണ് ജിയാങ് സെമിൻ ചൈനയുടെ ഭരണ തലപ്പത്ത് എത്തിയത്. 1989 മുതൽ 2002 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായും 1989 മുതൽ 2004 വരെ സെൻട്രൽ മിലിട്ടറി കമീഷൻ ചെയർമാനായും പ്രവർത്തിച്ചു. ചൈനയുടെ സാമ്പത്തിക വിപ്ലവത്തിന് തുടക്കം കുറിച്ച് രാഷ്ട്ര നേതാക്കളിലൊരാളാണ് സെമിൻ.