ഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെ.എൻ.യു.) വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിന് നേരെ കല്ലേറുണ്ടായി. പുലർച്ചെ മൂന്ന് മണിയോടെ ആരംഭിച്ച ആക്രമണത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. കല്ലേറിന് പിന്നിൽ എ.ബി.വി.പി. പ്രവർത്തകരാണെന്ന് വിദ്യാർഥികൾ ആരോപിച്ചു.

ആക്രമണം തടയുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി. പൊലീസ് ക്യാമ്പസിനകത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നിട്ടും കല്ലേറ് തടയാൻ ശ്രമിച്ചില്ലെന്നാണ് അവരുടെ വാദം.

വൈസ് ചാൻസലർ നടത്തിയ വിവാദപരമായ ജാതീയ പരാമർശങ്ങളെ തുടർന്നാണ് വിദ്യാർഥികൾ രാജി ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്. ഫെബ്രുവരി 16-ന് പുറത്തിറങ്ങിയ ഒരു പോഡ്‌കാസ്റ്റിൽ യു.ജി.സി. ചട്ടങ്ങളുമായി ബന്ധപ്പെട്ട് അവർ നടത്തിയ പരാമർശങ്ങളാണ് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് യു.ജി.സി. പുറത്തിറക്കിയ ചട്ടങ്ങളെ വൈസ് ചാൻസലർ 'യുക്തിരഹിതം' എന്ന് വിശേഷിപ്പിച്ചിരുന്നു. "സ്ഥിരമായ ഒരു ഇരവാദം ഇവിടെ നിലനിൽക്കുന്നുണ്ട്. ഈ വാദം ഉപയോഗിച്ച് ഒരാൾക്ക് ഒരിക്കലും പുരോഗമിക്കാൻ കഴിയില്ല. കറുത്ത വംശജർ ഉയർത്തിയിരുന്ന വാദമാണത്. ഈ ഇരവാദം ദലിതർ ഇവിടേക്ക് കൊണ്ടുവന്നു. ഇതൊരു താൽക്കാലിക മയക്കുമരുന്നാണ്," എന്നായിരുന്നു അവരുടെ പ്രതികരണം.

കൂടാതെ, പ്രതിഷേധിക്കുന്ന വിദ്യാർഥികളെ 'ഭ്രാന്തന്മാർ' എന്ന് വിശേഷിപ്പിച്ചതും മറ്റൊരു വിവാദ പരാമർശമാണ്. ഈ പ്രസ്താവനകൾ ജാതീയവും സർവകലാശാലയുടെ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് ജെ.എൻ.യു. വിദ്യാർഥി യൂണിയൻ ചൂണ്ടിക്കാട്ടി. വൈസ് ചാൻസലറുടെ രാജി ആവശ്യത്തെ രാജ്യത്തുടനീളമുള്ള എല്ലാ വിദ്യാർഥി സംഘടനകളും യൂണിയനുകളും സർവകലാശാലകളും പിന്തുണയ്ക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.