ന്യൂഡല്‍ഹി : 1983-ലെ എമിഗ്രേഷന്‍ നിയമത്തിന് പകരമായി കൊണ്ടുവന്ന ഓവര്‍സീസ് മൊബിലിറ്റി ബില്ലിന്റെ വിവാദമായ വകുപ്പ് പിന്‍വലിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരെ തരംതിരിക്കാനും ഏതെങ്കിലും രാജ്യത്തേക്കുള്ള അവരുടെ കുടിയേറ്റത്തിന് പ്രത്യേക നടപടിക്രമങ്ങളോ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്താനും 12ാം വകുപ്പ് കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടെന്ന് എംപി കത്തില്‍ ആവശ്യപ്പെട്ടു.

നിയമപരമായ സുരക്ഷാ സംവിധാനങ്ങളോ വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളോ ഇല്ലാതെ, ജാതി, മതം, പ്രദേശം അല്ലെങ്കില്‍ സാമൂഹിക-സാമ്പത്തിക നില ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളില്‍ പൗരന്മാരെ വേര്‍തിരിക്കാനും വ്യത്യസ്തമായി പരിഗണിക്കാനും ഇത്തരം അധികാരം സഹായിക്കുമെന്നും അതുവഴി വിവേചനമുണ്ടാകുമെന്നും എംപി വ്യക്തമാക്കി.

നിയമത്തിന് മുന്നിലുള്ള തുല്യത ലംഘിക്കുന്നതും വിവേചനം പ്രോത്സാഹിപ്പിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും ദുര്‍ബലപ്പെടുത്തുന്നതും ദേശീയ സുരക്ഷയുടെ മറവില്‍ കടന്നുകയറ്റവും എക്‌സിക്യൂട്ടീവ് നിയന്ത്രണം സാധ്യമാക്കുന്നതുമാണ് ഈ വകുപ്പ്. വ്യവസ്ഥ ഉറപ്പുനല്‍കിയിട്ടുള്ള അവകാശങ്ങള്‍ അട്ടിമറിക്കും.

1983 ലെ എമിഗ്രേഷന്‍ നിയമത്തില്‍ പൗരന്മാരെ തരംതിരിക്കുന്ന ഇത്തരം വ്യവസ്ഥകള്‍ ഉണ്ടായിരുന്നില്ല. പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ആയുധമാക്കി ഇൗ വകുപ്പിനെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ വിവാദ വ്യവസ്ഥ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.