- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടിലിൽ സുഖമായി കിടന്നുറങ്ങുന്ന ജഡ്ജി; മുറിക്കുള്ളിൽ മുഖംമൂടിയും ഗ്ലൗസും ധരിച്ചെത്തിയ കള്ളൻ; നാല് മിനിറ്റ് കൊണ്ട് നടത്തിയത് ലക്ഷങ്ങളുടെ കവർച്ച; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
ഭോപ്പാൽ: വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രമേഷ് ഗാർഗിന്റെ ഇൻഡോറിലുള്ള വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് പിടികൂടി. മറ്റ് നാല് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മുഖംമൂടിയും കൈയ്യുറകളും ധരിച്ചെത്തിയ മൂന്നംഗ സംഘം വെറും നാല് മിനിറ്റിനകം ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണവും പണവും കവർന്നതായാണ് റിപ്പോർട്ട്. ജസ്റ്റിസ് ഗാർഗിന്റെ മകൻ ഋത്വിക് ഉറങ്ങിക്കിടക്കുന്ന മുറിയിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം സാധനങ്ങൾ വലിച്ചിടുന്ന ദൃശ്യങ്ങളും, ഉറക്കമുണർന്നാൽ ആക്രമിക്കാനായി ഇരുമ്പ് ദണ്ഡ് കയ്യിലേന്തി ഒരാൾ കാത്തുനിൽക്കുന്ന ദൃശ്യങ്ങളുമാണ് സിസിടിവിയിൽ പതിഞ്ഞത്.
പുലർച്ചെ 4:35-ന് വീടിന്റെ ജനലിന്റെ ഇരുമ്പ് ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. 4:36-ന് ഒരാൾ ഇരുമ്പ് ദണ്ഡ് കയ്യിലേന്തി ഉറങ്ങിക്കിടന്നയാളെ നോക്കി കാവൽ നിന്നു. 4:37-ന് രണ്ടാമത്തെയാൾ കബോർഡിന്റെ ലോക്ക് തകർത്തു. ലോക്ക് പൊട്ടിയതോടെ അലാറം മുഴങ്ങിയെങ്കിലും ഉറങ്ങിക്കിടക്കുകയായിരുന്ന ഋത്വിക് അത് അറിഞ്ഞില്ല. 4:38-ന് പണവും സ്വർണ്ണവും കവർന്ന് 4:39-ന് സംഘം പുറത്തേക്ക് രക്ഷപ്പെട്ടു. ഈ സമയം മുഴുവൻ അലാറം മുഴങ്ങുന്നുണ്ടായിരുന്നു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. നിരവധി ജില്ലകളിലെ 200-ൽ അധികം ക്യാമറകളിൽ നിന്നുള്ള 200 മണിക്കൂറിലധികം സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. വെള്ളിയാഴ്ച രാത്രി ബൈപാസിന് സമീപം വാഹനം തടഞ്ഞാണ് രണ്ട് പ്രധാന പ്രതികളെയും പിടികൂടിയത്.