- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ടറൽ ബോണ്ടുകളുടെ സീരിയൽ നമ്പരുകൾ അടക്കമുള്ള വിവരങ്ങളും കൈമാറി എസ്‌ബിഐ
ന്യൂഡൽഹി: സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാലെ, ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബോണ്ടുകളുടെ സുപ്രധാനമായ സീരിയൽ നമ്പറുകൾ അടക്കമുള്ള വിവരങ്ങളാണ് കൈമാറിയത്. അക്കൗണ്ട് നമ്പറും കെവൈസി വിവരങ്ങളും ഒഴികെയുള്ളതെല്ലാം കൈമാറിയെന്നാണ് എസ്‌ബിഐ സത്യവാങ്മൂലത്തിൽ അറിയിച്ചത്.
ഇതോടെ, ബോണ്ട് വാങ്ങി വിതരണം ചെയ്തതും അതുകിട്ടിയ രാഷ്ട്രീയ പാർട്ടികളുടെയും വിവരങ്ങൾ വ്യക്തമാകും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ വൈകാതെ അപ്ലോഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ, എസ്‌ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ടുപട്ടികകൾ സമർപ്പിച്ചിരുന്നു. ആദ്യ പട്ടിക ഡോണർമാരും, തുകയും, തീയതിയും അടങ്ങിയതും രണ്ടാം പട്ടികയിൽ രാഷ്ട്രീയ കക്ഷികളുടെ പേരുകളുമായിരുന്നു.
എസ്‌ബിഐ നേരത്തെ സമർപ്പിച്ച വിവരങ്ങൾ പൂർണമല്ലെന്ന് കാട്ടി അതൃപ്തി രേഖപ്പെടുത്തിയ കോടതി എല്ലാ വിവരങ്ങളും ഇന്ന് അഞ്ചു മണിക്കു മുൻപേ കൈമാറണമെന്ന് അന്ത്യശാസനം നൽകിയിരുന്നു. ലഭിക്കുന്ന വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.
ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ബോണ്ടുകൾ വാങ്ങിയവരുടെയും ലഭിച്ചവരുടെയും പേരുകൾ, തീയതി, എത്ര രൂപ തുടങ്ങിയവ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും കൈമാറാനായിരുന്നു മുൻപു കോടതി നൽകിയ നിർദ്ദേശം. എന്നാൽ, ബോണ്ട് നമ്പറുകൾ പരസ്യമാക്കാതെ പ്രത്യേകം എടുത്തു പറഞ്ഞ വിവരങ്ങൾ മാത്രമാണ് എസ്‌ബിഐ കൈമാറിയത്.