കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അരങ്ങേറിയ സ്വാഗത ഗാനത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നു. മതസ്പർധയും വെറുപ്പും വളർത്തുന്ന തരത്തിൽ ചിത്രീകരണം കലോത്സവത്തിൽ ഉൾപ്പെടുത്തിയെന്ന് വ്യക്തമാക്കി പൊലീസിൽ പരാതി. തൃശൂരിലെ കോൺഗ്രസ് നേതാവും സാമൂഹ്യപ്രവർത്തകനുമായ വി ആർ അനൂപാണ് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്വാഗതഗാനത്തിൽ ഒരു വിഭാഗത്തെ തീവ്രവാദികൾ ആയി ചിത്രീകരിച്ചിട്ടുണ്ടെന്നും അതിനകത്തെ ഗൂഢാലോചന അന്വേഷിക്കേണ്ടതാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരത്തിലാണ് ഇന്ത്യൻ സേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രമായ കഫിയ്യ ധരിച്ചയാളുടെ വേഷത്തിൽ അവതരിപ്പിച്ചത്. ദൃശ്യാവിഷ്‌കാരം പരിശോധിക്കണമെന്ന് മന്ത്രി റിയാസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇത് തയാറാക്കിയവരുടെ സംഘ്പരിവാർ ബന്ധം അന്വേഷിക്കണമെന്നും ബോധപൂർവം കലാപാന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ചിത്രീകരണത്തിനെതിരെ സിപിഐ എം ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. ദൃശ്യാവിഷ്‌ക്കാരത്തിൽ ഒരു ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലിം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽ ഡി എഫ് സർക്കാരും കേരളീയ സമൂഹവും ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വരുദ്ധമാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ദൃശ്യാവിഷ്‌ക്കാരം വിമർശനത്തിനിടയാക്കിയത് പാർട്ടി ഗൗരവത്തോടെ കാണന്നു. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല.

ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ ചിത്രീകരണം ഒരുക്കിയത് സംഘപരിവാർ പ്രവർത്തകനായ സതീഷ് ബാബു ആണെന്നായിരുന്നു നേരത്തെയുള്ള പ്രചരണം.

മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികൾ ഇക്കാര്യം വ്യക്തമാക്കുകയും ചില മാധ്യമങ്ങൾ ഇത്തരത്തിൽ വാർത്തകൾ നൽകുകയും ചെയ്തു. എന്നാൽ മാതാ പേരാമ്പ്രയുടെ നേതൃത്വത്തിൽ ഡോ. ലജ്‌നയായിരുന്നു ദൃശ്യാവിഷ്‌ക്കാരം നിർവ്വഹിച്ചത്. സതീഷ് ബാബു 91 അംഗ ഗ്രൂപ്പിലെ ഒരാൾ മാത്രമായിരുന്നു. ഇക്കാര്യം മറച്ചുവച്ചായിരുന്നു മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇത് തുറന്നു കാട്ടപ്പെട്ടതോടെയാണ് മാധ്യമങ്ങൾ വാർത്ത തിരുത്തി നൽകാൻ തയ്യാറായത്.