ബംഗളൂരു: പ്രമുഖ കന്നഡ എഴുത്തുകാരി ആശാ രഘുവിനെ (46) മല്ലേശ്വരത്തെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ചയാണ് സംഭവം. ഭർത്താവിൻ്റെ മരണത്തെത്തുടർന്നുണ്ടായ കടുത്ത വിഷാദ രോഗമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

കുടുംബാംഗങ്ങൾ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ആശാ രഘുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

ആശാ രഘുവിന് ഒരു മകളുണ്ട്. രണ്ട് വർഷം മുമ്പ് ഇവരുടെ ഭർത്താവ് കെ.സി. രഘു അന്തരിച്ചിരുന്നു. ഭർത്താവിൻ്റെ മരണശേഷം ആശാ രഘു കടുത്ത വിഷാദത്തിലായിരുന്നെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. പോസ്റ്റ്‌മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായി അധികൃതർ അറിയിച്ചു.