- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചട്ടപ്രകാരം വിലക്കപ്പെട്ട സംഘടനകളുടെ പരിപാടികളിൽ പങ്കെടുത്തു; ആർ.എസ്.എസ് റൂട്ടുമാർച്ചിൽ പങ്കെടുത്ത പാചകത്തൊഴിലാളിയെ പിരിച്ചുവിട്ട് കർണാടക സർക്കാർ
ബെംഗളൂരു: ആർ.എസ്.എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത പാചകത്തൊഴിലാളിയെ പിരിച്ചുവിട്ടു. ബിദർ സ്വദേശിയായ പ്രമോദ് കുമാർ എന്ന കരാർ പാചകക്കാരനെ പിന്നോക്ക വികസന വകുപ്പിന് കീഴിലുള്ള ഹോസ്റ്റലിൽ നിന്ന് പിരിച്ചുവിട്ടത്. സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരൻ ചട്ടപ്രകാരം നിരോധിക്കപ്പെട്ട സംഘടനകളുടെ പരിപാടികളിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് അധികൃതർ അറിയിച്ചു.
ഒക്ടോബർ 14ന് ബസവകല്യാണിൽ നടന്ന ആർ.എസ്.എസ് റൂട്ട് മാർച്ച് ഉൾപ്പെടെയുള്ള പരിപാടികളിൽ പ്രമോദ് കുമാർ പങ്കെടുത്തതായി ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് നടപടി. ജനാധിപത്യ സംരക്ഷണ സമിതി അധ്യക്ഷൻ ഗഗൻ ഫുലേ ദൃശ്യങ്ങൾ സഹിതം നൽകിയ രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് ഇത്. ബിദർ ജില്ല ലേബർ സർവീസ് മൾട്ടിപ്പർപ്പസ് സകരണ സൊസൈറ്റി വഴിയാണ് പ്രമോദ് കുമാർ നിയമനം നേടിയത്. പരാതിയെത്തുടർന്ന് സൊസൈറ്റിയാണ് ഇദ്ദേഹത്തെ പുറത്താക്കിയത്.
ആർ.എസ്.എസ് പദസഞ്ചലനത്തിൽ ഗണവേഷത്തിൽ കുറുവടിയുമായി നിൽക്കുന്ന ചിത്രം ഇയാൾ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയതും പരാതിക്ക് കാരണമായി. നേരത്തെ, ലിംഗുസുഗുറിൽ സമാനമായ രീതിയിൽ ആർ.എസ്.എസ് മാർച്ച് പങ്കെടുത്ത പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസർ കെ.പി. പ്രവീൺകുമാറിനെയും കർണാടക സർക്കാർ പുറത്താക്കിയിരുന്നു. സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ സ്വകാര്യ സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുന്നത് നിയന്ത്രിക്കാൻ ഒക്ടോബർ 16ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.