ന്യൂഡൽഹി : രാജ്യത്ത് ആക്രമണകാരികാരികളെന്ന വിഭാഗത്തിൽപ്പെടുത്തി ചിലയിനം നായകളുടെ ഇറക്കുമതി, ബ്രീഡിങ്, വിൽപ്പന എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. 23 ഇനം നായ്ക്കളുടെ ഇറക്കുമതിയും പ്രജനനവും വിൽപ്പനയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

നായ്ക്കളുടെ ഇറക്കുമതിയും പ്രജനനവും വിൽപ്പനയും നിരോധിക്കുന്ന സർക്കുലർ പുറപ്പെടുവിക്കുന്നതിന് മുമ്പ് വളർത്തുമൃഗങ്ങളുടെ ഉടമകളുമായും ബന്ധപ്പെട്ട സംഘടനകളുമായും കൂടിയാലോചിക്കേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. നേരത്തെ ഉത്തരവിന്റെ യുക്തി ചോദ്യം ചെയ്ത് ഡൽ?ഹി ഹൈക്കോടതി കേന്ദ്രസർക്കാരിന് നോട്ടീസയച്ചിരുന്നു.

റോട്ട്വീലർ, പിറ്റ്ബുൾ, ടെറിയർ, വുൾഫ് ഡോഗ്സ്, മാസ്റ്റിഫുകൾ എന്നിവയുൾപ്പെടെയുള്ള രണ്ടിനം നായകൾക്കാണ് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ഇവയുടെ ക്രോസ് ബ്രീഡുകളെയും വിലക്കിയിരുന്നു. ഈ പട്ടികയിലുള്ള നായ്ക്കളുടെ വിൽപനയ്ക്കും ബ്രീഡിങിനും ലൈസൻസോ പെർമിറ്റോ നൽകുന്നതിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കത്തയക്കുകയും ചെയ്തു.

നിലവിൽ ഇത്തരം ഇനത്തിൽപ്പെട്ട നായകളെ വന്ധ്യംകരിക്കണമെന്നാണ് നിർദ്ദേശം. പട്ടികയിലുള്ള നായകൾ മനുഷ്യജീവന് അപകടമാണെന്നും നായകളുടെ ആക്രമണം മൂലമുള്ള മരണങ്ങൾ വർധിക്കുന്നു എന്നുമുള്ള വിദ?ഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര സർക്കാരിന്റെ നടപടി. കേന്ദ്ര മൃഗസംരക്ഷണ കമീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്ധസമിതിയാണ് അപകടകാരികളായ നായ ജനുസ്സുകളുടെ പട്ടിക തയ്യാറാക്കിയത്.

പിറ്റ്ബുൾ ടെറിയർ, ടോസ് ഇനു, അമേരിക്കൻ സ്റ്റാഫഡ്ഷയർ ടെറിയർ, ഫില ബ്രസിലിയേറോ, ഡോഗോ അർജന്റിനോ, അമേരിക്കൻ ബുൾഡോഗ്, ബോർബോൽ, കാൻഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പേഡ് ഡോഗ്, കൊക്കേഷ്യൻ ഷെപ്പേഡ് ഡോഗ്, സൗത്ത് ഏഷ്യൻ ഷെപ്പേഡ് ഡോഗ്, ടോൺജാക്, സർപ്ലാനിനാക്, ജാപ്പനീസ് ടോസ, അകിറ്റ, മാസ്റ്റിഫ്സ്, റോട്ട് വീലർ, ടെറിയേഴ്‌സ്, റൊഡേഷ്യൻ റിഡ്ജ്ബാക്, വുൾഫ് ഡോഗ്സ്, കനാറിയോ, അക്‌ബാഷ് ഡോഗ്, മോസ്‌കോ ഗാർഡ് ഡോഗ്, കെയ്ൻ കോർസോ തുടങ്ങിയ ജനുസ്സുകളും കൂടാതെ ബാൻഡോഗ് എന്നു പൊതുവെ വിളിക്കപ്പെടുന്ന എല്ലാ നായ ഇനങ്ങളും നിരോധിത പട്ടികയിൽ ഉൾപ്പെടുന്നു.