ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ ചോദ്യം ചെയ്യുന്നതിൽ വ്യാപക പ്രതിഷേധവുമായി എഎപി. സിബിഐ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ എഎപി എംപിമാരേയും എംഎൽഎമാരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തങ്ങളെ സമാധാനപരമായി പ്രതേേിഷാധിക്കാൻ മോദി സർക്കാർ അനുവദിക്കുന്നില്ലെന്ന് എഎപി ആരോപിച്ചു. 32 എംഎൽഎമാരേയും 70 കൗൺസിലർമാരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, അല്ലു അർജുൻ ചിത്രം പുഷ്പയിലെ ഡൈലോഗ് ഉൾപ്പെടുത്തി എഎപി ട്വിറ്ററിൽ ഇറക്കിയ പോസ്റ്റർ വൈറൽ ആയി. 'താഴത്തില്ലെടാ' എന്ന ക്യാപ്ഷൻ നൽകിയാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ഈ ട്വീറ്റിന് നിരവധി റീട്വീറ്റുകളും കമന്റുകളുമാണ് ലഭിക്കുന്നത്.

രാവിലെ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് കെജരിവാൾ സിബിഐ ഓഫീസിലേക്ക് പുറപ്പെട്ടത്. എഎപി പ്രതിഷേധവും സംഘർഷ സാധ്യതയും കണക്കിലെടുത്ത് സിബിഐ ആസ്ഥാനത്തിന് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡൽഹി മന്ത്രിമാർ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ ചോദ്യം ചെയ്യലിന് പോകുന്ന കെജരിവാളിനെ അനുഗമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സിബിഐ ഓഫീസ് പരിസരത്തേക്ക് പ്രവേശിക്കുന്നതിന് കെജരിവാളിന്റെ വാഹനത്തിന് മാത്രമാണ് അനുമതി നൽകിയത്.

സിബിഐയുടെചോദ്യങ്ങൾക്ക് സത്യസന്ധമായ മറുപടി നൽകുമെന്ന് രാവിലെ കെജരിവാൾ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്യാൻ ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിൽ, തന്നെ ഉറപ്പായും സിബിഐ അറസ്റ്റ് ചെയ്യും. അവർ (ബിജെപി) ശക്തരാണ്, അവർക്ക് ആരെ വേണമെങ്കിലും ജയിലിലിടാമെന്നും കെജരിവാൾ പറഞ്ഞു.

ചില ദേശദ്രോഹശക്തികൾ രാജ്യത്തിന്റെ വികസനം ആഗ്രഹിക്കുന്നില്ല. താൻ അഴിമതിക്കാരൻ ആണെന്നാണ് ബിജെപി പറയുന്നത്. താൻ ഇൻകം ടാക്‌സിൽ കമ്മീഷണർ ആയിരുന്നു. വേണമെങ്കിൽ കോടികൾ സമ്പാദിക്കാമായിരുന്നു. താൻ അഴിമതിക്കാരൻ ആണെങ്കിൽ ലോകത്തിൽ ആരും സത്യസന്ധരല്ല. തന്റെ പോരാട്ടം തുടരുമെന്നും കെജ്രിവാൾ പറഞ്ഞു.