ലഖ്നൗ: വിവാദ സിനിമ ദ കേരള സ്റ്റോറിക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും സിനിമ കാണും. ഇതിനായി പ്രത്യേക പ്രദർശനം നടത്തും. നികുതി ഉളവ് സ്വാഗതാർഹമെന്നും, യുപിയിലെ ജനങ്ങൾ ഈ സിനിമ കാണണമെന്നും, നമ്മുടെ സഹോദരിമാർ നേരിടുന്ന കഷ്ടപ്പാടുകൾ കണ്ടു വിലയിരുത്തണമെന്നും യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആവശ്യപ്പെട്ടു. നേരത്തെ മധ്യപ്രദേശ് സർക്കാരും കേരള സ്റ്റോറി സിനിമയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം പശ്ചിമബംഗാൾ സർക്കാർ കേരള സ്റ്റോറി സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും, സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിർത്താനാണ് നിരോധനമെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.

തമിഴ്‌നാട്ടിലും ചിത്രത്തിന്റെ പ്രദർശനം തിയേറ്റർ ഉടമകൾ അവസാനിപ്പിച്ചിരുന്നു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തിയേറ്ററിൽ ആളുകുറയുന്നത് പരിഗണിച്ചുമായിരുന്നു നടപടി. ക്രമസമാധാനപ്രശ്‌നം പരിഗണിച്ച് പ്രദർശനം ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്‌നാട് മൾട്ടിപ്ലക്‌സ് അസോസിയേഷൻ അറിയിച്ചു.