ഭോപ്പാൽ: 'ദി കേരള സ്റ്റോറി' സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾ കേരളത്തിൽ ഏതാണ്ട് അടങ്ങിയെങ്കിലും സിനിമയുടെ അലയൊലികൾ ഉത്തരേന്ത്യയിൽ പലയിടത്തും ഇപ്പോഴുമുണ്ട്. മഹാരാഷ്ട്രീയിൽ സിനിമയെ ചൊല്ലിയുള്ള തർക്കങ്ങൾ കലാപത്തിലേക്ക് പോലും നീങ്ങിയപ്പോൾ മധ്യപ്രദേശിൽ സിനിമയെ ചൊല്ലിയുള്ള വാർത്തകൾ തുടരുകയാണ്.

സിനിമ കണ്ടതിന് പിന്നാലെ ഒപ്പം താമസിക്കുന്ന യുവാവിനെതിരെ പൊലീസിൽ പരാതി നൽകി ഇൻഡോറിലെ യുവതി രംഗത്തെത്തി. യുവാവ് തന്നെ ബലാത്സംഗം ചെയ്യുന്നുവെന്നും മതം മാറാൻ സമ്മർദം ചെലുത്തുന്നുവെന്നും ആരോപിച്ചാണ് യുവതി പരാതി നൽകിയത്. ഇതോടെ ബലാത്സംഗക്കേസ് രജിസ്റ്റർചെയ്ത പൊലീസ് 23-കാരനെ അറസ്റ്റുചെയ്തു.

വിവാഹ വാഗ്ദാനം നൽകി തന്നെ കെണിയിൽപ്പെടുത്തി എന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മാനസികമായി പീഡിപ്പിക്കുകയും മതം മാറാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു. ഇരുവരും ചേർന്ന് അടുത്തിടെ 'ദി കേരള സ്റ്റോറി' സിനിമ കണ്ടതിന് പിന്നാലെയാണ് പരാതി നൽകാൻ യുവതി തീരുമാനിച്ചതെന്നും പൊലീസിനെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

സിനിമ കണ്ടതിനുശേഷം ഇരുവരും തർക്കത്തിലേർപ്പെടുകയും യുവാവ് തന്നെ മർദിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നു. തുടർന്ന് യുവാവ് അവരെ ഉപേക്ഷിച്ചു കടന്നു. പിന്നാലെയാണ് മെയ്‌ 19-ന് യുവതി പരാതി നൽകുന്നത്.

കേസിൽ പൊലീസ് അറസ്റ്റുചെയ്ത യുവാവ് തൊഴിൽരഹിതനാണ്. എന്നാൽ പരാതി നൽകിയ യുവതി വിദ്യാസമ്പന്നയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുമാണെന്ന് പൊലീസ് പറഞ്ഞു. നാല് വർഷം മുൻപ് ഒരു കോച്ചിങ് സ്ഥാപനത്തിൽ പഠിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്.