- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമനവമി ഘോഷയാത്രയ്ക്കിടെ ലൗ ജിഹാദ് പ്രമേയമാക്കി ഹിന്ദുത്വ സംഘടനയുടെ വിദ്വേഷ ടാബ്ലോ പ്രദർശനം; വിദ്വേഷ പ്രകടനത്തിൽ പോലീസ് നടപടി; പൂനെയിലും ‘കേരള സ്റ്റോറി’ മോഡൽ പ്രചാരണം

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ രാമനവമി ഘോഷയാത്രയ്ക്കിടെ ‘ലൗ ജിഹാദ്’ പ്രമേയമാക്കി തീവ്ര ഹിന്ദുത്വ സംഘടന നടത്തിയ ടാബ്ലോ പ്രദർശനം വിവാദമാകുന്നു. വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു രക്ഷാ ദൾ ഞായറാഴ്ച സംഘടിപ്പിച്ച ഘോഷയാത്രയിലാണ് അക്രമത്തിന് ആഹ്വാനം നൽകുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.
മുസ്‌ലിം വേഷധാരിയായ ഒരാൾ ലൗ ജിഹാദിന്റെ ‘അനന്തരഫലങ്ങളെ’ കുറിച്ച് വിശദീകരിക്കുന്നതായിരുന്നു ടാബ്ലോയുടെ പ്രമേയം. തലപ്പാവു ധരിച്ച ഈ വ്യക്തി, മേശപ്പുറത്ത് ഒരാളെ വെട്ടിനുറുക്കുന്ന രീതിയിൽ വാൾ ഉപയോഗിച്ച് ആവർത്തിച്ച് കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂടാതെ, ഒരു സ്ത്രീയുടെ മുറിച്ചെടുത്ത തല സമീപത്തെ തൂണിൽ തൂക്കിയിട്ട നിലയിലുള്ള ക്രൂരമായ നിശ്ചലദൃശ്യങ്ങളും ടാബ്ലോയിൽ ഒരുക്കിയിരുന്നു.
ഘോഷയാത്രയ്ക്ക് അധികൃതരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയിരുന്നതായി ഗാസിയാബാദ് പോലീസ് അറിയിച്ചു. എന്നാൽ, പ്രദർശിപ്പിച്ച ഉള്ളടക്കത്തിലെ വിദ്വേഷ സ്വഭാവം കണക്കിലെടുത്ത് സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാൻ അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് ഉത്തരേന്ത്യയിലെ പലയിടങ്ങളിലും സമാനമായ ടാബ്ലോകൾ പ്രത്യക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന ജാഥയിൽ, ഒരു മുസ്‌ലിം കുടുംബം ഹിന്ദു യുവതിയെ വശീകരിക്കുന്ന രീതിയിലുള്ള അവതരണം നടന്നിരുന്നു.
വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി’യിലെ രംഗങ്ങളും ഇതിനായി ഉപയോഗിച്ചു. രാജ്യത്ത് ‘ലൗ ജിഹാദ്’ എന്ന പേരിൽ സംഘടിതമായ നീക്കങ്ങളൊന്നുമില്ലെന്ന് കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും നേരത്തെ തന്നെ പാർലമെന്റിൽ ഉൾപ്പെടെ വ്യക്തമാക്കിയതാണ്. ഇതിനിടയിലാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ ഘോഷയാത്രകളുടെ മറവിൽ നടക്കുന്നത്.


