ഹരിദ്വാർ: ഹരിദ്വാറിലെ കാങ്കൽ ബൈരാഗി ക്യാമ്പിലെ ലക്കർ ബസ്തിയിൽ കണ്ടെത്തിയ 12 അടി നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടാനുള്ള ശ്രമത്തിനിടെയുണ്ടായ സംഭവങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പാമ്പുപിടുത്തക്കാരനെ ആക്രമിക്കാൻ രാജവെമ്പാല ഉയർന്ന് പൊങ്ങുന്ന ദൃശ്യങ്ങൾ കാണികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ ദ്രുത പ്രതികരണ സംഘം (QRT) സ്ഥലത്തെത്തി. എന്നാൽ, പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ സങ്കീർണ്ണമായി. രാജവെമ്പാല സമീപത്തെ പുഴയിലേക്ക് ചാടി രക്ഷപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും രക്ഷാപ്രവർത്തകർ അത് തടഞ്ഞു. ഓരോ ഘട്ടത്തിലും പാമ്പ് രക്ഷാപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിക്കുകയും തലനാരിഴയ്ക്ക് അവർ രക്ഷപ്പെടുകയും ചെയ്തു.

നിരവധിപേർ കണ്ട ഈ വീഡിയോ ഒറ്റദിവസം കൊണ്ട് 11 ലക്ഷം പേരാണ് കണ്ടത്. അപകടകാരികളായ പാമ്പുകളെ പിടികൂടാൻ കൂടുതൽ അനുഭവപരിചയമുള്ളവരെ നിയോഗിക്കണമെന്നും, ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ ക്ഷമയും ശ്രദ്ധയും പാലിക്കണമെന്നും വീഡിയോക്ക് താഴെ നിരവധി അഭിപ്രായങ്ങൾ ഉയർന്നു. രക്ഷാപ്രവർത്തകരുടെ കഠിനാധ്വാനത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നവരും കൂട്ടത്തിലുണ്ടായിരുന്നു.

ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടി അതിൻ്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മാറ്റുകയും ചെയ്തു.