ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ 64 ആയി ഉയർന്നു. ദുരന്തം നടന്ന് ആറാം ദിവസവും രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്. ഇന്ന് ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെടുത്തു. 39 പേരെ ഇനിയും കണ്ടെത്താനുണ്ട്.

കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് ഇന്ന് തിരച്ചിൽ പുനരാരംഭിച്ചത്. തകർന്ന ഒരു വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സ്നിഫർ നായ്ക്കളുടെ സഹായത്തോടെയാണ് ഒരാളുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഓഗസ്റ്റ് 14-ന് മച്ചൈൽ മാതാ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള പാതയിലാണ് വൻ ദുരന്തത്തിനിടയാക്കിയ മേഘവിസ്ഫോടനം ഉണ്ടായത്. മരിച്ചവരിൽ രണ്ട് കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (സിഐഎസ്എഫ്) ഉദ്യോഗസ്ഥരും തീർത്ഥാടകരും ഉൾപ്പെടുന്നു. ഇതുവരെ 167 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

പോലീസ്, കരസേന, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ (എൻഡിആർഎഫ്, എസ്ഡിആർഎഫ്), സിഐഎസ്എഫ്, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത രക്ഷാദൗത്യമാണ് നടക്കുന്നത്. ദുരന്തത്തിന്റെ ആഘാത മേഖല വളരെ വലുതാണെന്നും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ പ്രദേശത്ത് കനത്ത നാശനഷ്ടമാണുണ്ടായത്. തീർത്ഥാടകർക്ക് ഭക്ഷണം നൽകിയിരുന്ന കമ്മ്യൂണിറ്റി കിച്ചൺ, മൂന്ന് ക്ഷേത്രങ്ങൾ, ഒരു പാലം, 16 വീടുകൾ, സർക്കാർ സ്ഥാപനങ്ങൾ, 12 വാഹനങ്ങൾ, നിരവധി ഹോട്ടലുകൾ, ചെക്ക് പോസ്റ്റുകൾ എന്നിവ പ്രളയത്തിൽ തകരുകയോ ഒലിച്ചുപോകുകയോ ചെയ്തു.

മച്ചൈൽ മാതാ ക്ഷേത്രത്തിലേക്കും സമീപ ഗ്രാമത്തിലേക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി കരസേനയുടെ നേതൃത്വത്തിൽ ബെയ്‌ലി പാലം നിർമ്മിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.