കൊടൈക്കനാൽ: കൊടൈക്കനാൽ ഡോൾഫിൻ നോസിൽ ഭാഗത്ത് കുത്തനെയുള്ള പാറപ്പുറത്തിരുന്നു ഫോട്ടോയെടുക്കുന്നതിനിടെ യുവാവ് നൂറടി താഴ്ചയുള്ള കൊക്കയിലേക്കു വീണു. തൂത്തുക്കുടി സ്വദേശി ധൻരാജാണ് (22) വീണത്. അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. ശരീരമാസകലം പരിക്കേറ്റ ധൻരാജിനെ കൊടൈക്കനാൽ സർക്കാർ ആശുപത്രിയിലും പിന്നീട് ദിണ്ടിക്കലിലെ ആശുപത്രിയിലേക്കും മാറ്റി.

ആറുപേരടങ്ങുന്ന സംഘം കഴിഞ്ഞദിവസമാണു കൊടൈക്കനാൽ കാണാനെത്തിയത്. വിനോദസഞ്ചാരകേന്ദ്രമായ ഡോൾഫിൻ നോസ് ഭാഗത്തെ മലയിലെ കുത്തനെയുള്ള പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ ധൻരാജ് പെട്ടെന്ന് താഴേക്കു വീഴുകയായിരുന്നു. ഇതുകണ്ട കൂട്ടുകാർ നിലവിളിക്കുകയും സമീപത്തുള്ളവർ അഗ്നിരക്ഷാസേനയെ അറിയിക്കുകയുമായിരുന്നു. പ്രത്യേക പരിശീലനംലഭിച്ച സേനാംഗങ്ങൾ ഒരുമണിക്കൂർ ശ്രമിച്ചാണ് ധൻരാജിനെ രക്ഷപ്പെടുത്തി മുകളിലെത്തിച്ചത്.