ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർത്ഥികളുടെ ആത്മഹത്യ. രണ്ട് വിദ്യാർത്ഥികളാണ് വെറും അഞ്ച് മണിക്കൂർ വ്യത്യാസത്തിൽ കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പിന്നാലെയാണ് ഇവർ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.

മഹാരാഷ്ട്ര ലാത്തൂർ സ്വദേശി ആവിഷ്‌കാർ സംഭാജി കാസ്ലെ(16), ബീഹാർ സ്വദേശി ആദർശ് (18) എന്നിവരാണ് മരിച്ചതെന്ന് എഎസ്‌പി ഭഗവത് സിങ് ഹിംങാദ് പറഞ്ഞു. മൂന്ന് വർഷമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് ആവിഷ്‌കാർ. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് പരിശീലന സ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി ആവിഷ്‌കാർ ജീവനൊടുക്കിയത്. സഹോദരങ്ങൾക്കൊപ്പം നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ആദർശ്. രാത്രി ഏഴോടെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

പരീക്ഷയിൽ ഇയാൾക്ക് കുറവ് മാർക്കാണ് ലഭിച്ചിരുന്നതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഈ വർഷം മാത്രം ഇരുപതോളം വിദ്യാർത്ഥികളാണ് ജീവനൊടുക്കിയത്.തുടർച്ചയായി വിദ്യാർത്ഥികൾ ജീവനൊടുക്കുന്നതിന് പിന്നാലെ ഇത് തടയാനായി സ്പ്രിങ് ഘടിപ്പിച്ച ഫാൻ ഉൾപ്പെടെ പല മാർഗങ്ങളും അധികൃതർ സ്വീകരിച്ചിരുന്നു. രാജ്യത്തെ മികച്ച എഞ്ചിനീയറിങ് മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്നതിനായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയിൽ പരിശീലനത്തിനെത്തുന്നത്.