ന്യൂഡൽഹി : അസുഖബാധിതനായി വൃക്ക മാറ്റിവയ്ക്കലിന് തയ്യാറെടുക്കുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മകൾ രോഹിണി ആചാര്യ വൃക്ക നൽകും. കുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വൃക്കരോഗത്തെ തുടർന്ന് സിംഗപ്പുരിൽ ചികിത്സയിലായിരുന്ന ലാലു പ്രസാദ് യാദവ് കഴിഞ്ഞ മാസമാണ് നാട്ടിൽ തിരിച്ചെത്തിയത്.

വിവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന എഴുപത്തിനാലുകാരനായ ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിംഗപ്പുരിൽ താമസിക്കുന്ന മകൾ രോഹിണി പിതാവിനു വൃക്ക നൽകാൻ തയാറായത്.

വിവിധ കേസുകളിൽ വിചാരണ നേടിരുന്ന ലാലു പ്രസാദ് യാദവ് നിലവിൽ ജാമ്യത്തിലാണ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളിൽ ജയിലിലായിരുന്ന ലാലുവിനെ ആരോഗസ്ഥിതി മോശമായതിനെ തുടർന്ന് പലതവണ ഡൽഹിയിലെയും റാഞ്ചിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.