വാല്‍പ്പാറ: വാല്‍പ്പാറയില്‍ കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ ആറ് വയസുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകള്‍ അപ്‌സര ഖാത്തൂന്‍ ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം പോകുന്നതിനിടെ കുട്ടിയെ പുലി കടിച്ചുകൊണ്ടുപോകുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം പിന്നീട് വനാതിര്‍ത്തിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കള്‍. ചായ കുടിക്കാന്‍ വേണ്ടി തേയിലത്തോട്ടത്തിലൂടെ പോകുകയായിരുന്നു യുവതിയും കുട്ടിയും.

ഇതിനിടയില്‍ തേയിലത്തോട്ടതില്‍ പതുങ്ങിയിരുന്ന പുള്ളിപ്പുലി മുന്നിലെത്തുകയായിരുന്നു. അമ്മയുടെയും കുട്ടിയുടെയും കരച്ചില്‍ കേട്ട് പ്രദേശവാസികളും തൊഴിലാളികളുമൊക്കെ ഇങ്ങോട്ടേക്ക് ഓടിയെത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ തേയിലത്തോട്ടത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരെത്തി വനാതിര്‍ത്തിയോട് ചേര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഇതിലാണ് മൃതദേഹം കണ്ടെത്തിയത്. പതിവായി കാട്ടാന അടക്കമുള്ള വന്യമൃഗ ശല്യമുള്ള സ്ഥലമാണിത്.