അമരാവതി: പ്രായപൂർത്തിയായ 'ലെസ്ബിയന്‍' ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാനും പങ്കാളികളെ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ മകളുടെ ബന്ധത്തിലും, ഇഷ്ടത്തിലും ഇടപെടരുതെന്നും കോടതി മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് കൊടുത്തു.

തന്റെ ലെസ്ബിയന്‍ പങ്കാളിയെ പിതാവ് തടങ്കലിൽ വച്ചെന്ന് ആരോപിച്ച് മറ്റൊരു സ്ത്രീ നല്‍കിയ 'ഹേബിയസ് കോര്‍പ്പസ്' ഹര്‍ജിയിലാണ് കോടതി വിധി വന്നിരിക്കുന്നത്. ജസ്റ്റിസുമാരായ ആർ രഘുനന്ദൻ റാവുവും കെ മഹേശ്വര റാവുവും ഉൾപ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി ശരിവച്ചത്.

നരസിപട്ടണത്തെ പിതാവിന്റെ വസതിയിൽ തന്റെ പങ്കാളിയെ വീട്ടു തടങ്കലില്‍ താമസിച്ചുവെന്നാരോപിച്ച് കാട്ടിയായിരുന്നു യുവതി ഹര്‍ജി സമർപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി വിജയവാഡയില്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു ഇവര്‍. ഇതിനിടെ യുവതികളിലൊരാളെ കാണാതാവുകയും തുടര്‍ന്ന് പിതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി മോചിപ്പിക്കുകയുമായിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ അഭയം നേടിയ ഇവര്‍ പിന്നീട് വിജയവാഡയിലേക്ക് താമസം മാറുകയും ചെയ്തു.

ആ സമയം ഇവിടെ നിന്നാണ് പിതാവ് യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയത്. അതേ സമയം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയ യുവതിയും കുടുബവും മകളെ തട്ടിക്കൊണ്ടു പോയതാണെന്ന് പിതാവും പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഒടുവിൽ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാനും പങ്കാളികളെ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധിക്കുകയും ചെയ്യുകയായിരുന്നു.