- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഗരറ്റും കഞ്ചാവും അടക്കമുള്ള ലഹരി വസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെ ഹോസ്റ്റലില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെത്തി; വാര്‍ഡന്‍ അടക്കം ഹോസ്റ്റലിനുള്ളിലെ അധികാരികള്‍ക്കും സംഭവത്തില്‍ പങ്കെന്ന് ആരോപണം; പരാതി നല്‍കിയത് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യര്‍ത്ഥിനി
പൂനെ: മഹാരാഷ്ട്രയിലെ സാവിത്രി ഭായി ഫൂലെ പൂനെ സര്‍വകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വന്‍ വിവാദം. നേരത്തെ സിഗരറ്റും കഞ്ചാവും അടക്കമുള്ള ലഹരി വസ്തുക്കള്‍ ക്യാംപസില്‍ കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഹോസ്റ്റലില്‍ നിന്നും മദ്യം കണ്ടെത്തിയത്. വാര്‍ഡന്‍ അടക്കം ഹോസ്റ്റലിനുള്ളിലെ അധികാരികള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം.
ഹോസ്റ്റലില്‍ താമസിക്കുന്ന എബിവിപി (അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്) പ്രവര്‍ത്തകയാണ് വിഷയവുമായി ബന്ധപ്പെട്ട് സര്‍വകലാശാല അധികൃതര്‍ക്കു പരാതി നല്‍കിയത്. ഹോസ്റ്റല്‍ ഗേറ്റില്‍ ബയോമെട്രിക് സുരക്ഷാ സംവിധാനം നടപ്പാക്കിയിട്ടും മദ്യവും ലഹരിമരുന്നുകളും ഹോസ്റ്റലിലേക്ക് എത്തുന്നുവെന്നതാണ് പ്രധാന ആരോപണം.
ഹോസ്റ്റല്‍ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വിദ്യാര്‍ത്ഥിനി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാറിനും നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. പ്രൊഫസര്‍മാര്‍ അനുമതിയില്ലാതെ ഹോസ്റ്റലില്‍ പ്രവേശിക്കാറുണ്ടെന്നതും, ഇത് വനിതാ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നതും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തേ ഹോസ്റ്റല്‍ അധികാരികള്‍ക്ക് നല്‍കിയ പരാതികള്‍ അവഗണിക്കപ്പെട്ടതായും, അടുത്ത മുറിയിലുള്ളവര്‍ സിഗരറ്റ് വലിക്കുന്നതിനാല്‍ തലവേദന അനുഭവിക്കേണ്ടി വരുന്നതായും വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു. ഹോസ്റ്റലില്‍ നിന്നു കണ്ടെത്തിയ മദ്യക്കുപ്പികളും ബിയര്‍ കുപ്പികളുമൊക്കെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പുറത്തുവന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കു തന്നെ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സര്‍വകലാശാല അധികൃതര്‍ എന്ത് നടപടി സ്വീകരിക്കും എന്നതിനെക്കുറിച്ച് ഉറ്റുനോക്കുകയാണ് വിദ്യാര്‍ത്ഥി സംഘടനകളും രക്ഷിതാക്കളും. ഹോസ്റ്റലില്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.