രാജ്‌കോട്ട്: സി.കെ.നായിഡു ക്രിക്കറ്റ് ടൂർണമെന്റ് കഴിഞ്ഞ് മടങ്ങവെ 27 കുപ്പി മദ്യവുമായി ക്രിക്കറ്റ് താരങ്ങൾ ചണ്ഡീഗഡ് വിമാനത്താവളത്തിൽ പിടിയിലായി. അണ്ടർ 23 സൗരാഷ്ട്ര ടീമിന്റെ അഞ്ച് താരങ്ങളാണ് ക്രിക്കറ്റ് കിറ്റിനകത്ത് മദ്യം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അന്വേഷണം ആരംഭിച്ചു.

ചണ്ഡീഗഡിനെ തോൽപിച്ച സൗരാഷ്ട്ര ടീം കഴിഞ്ഞ 25നാണ് ഗുജറാത്തിലേക്ക് മടങ്ങിയത്. വിമാനത്താവളത്തിൽ വെച്ച് താരങ്ങളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. പ്രശാം രാജ്ദേവ്, സമർത് ഗജ്ജർ, രക്ഷിത് മേത്ത, പാർശ്വരാജ് റാണ, സ്മിത്രാജ് ജലാനി എന്നീ അഞ്ച് താരങ്ങളുടെ ബാഗുകളാണ് പിടിച്ചെടുത്തത്. കസ്റ്റംസ് അധികൃതർ ഉടൻ തന്നെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനെ (എസ്.സി.എ) അറിയിക്കുകയായിരുന്നു. മദ്യ നിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

'ആരോപിക്കപ്പെട്ട സംഭവം ദൗർഭാഗ്യകരവും നടക്കാൻ പാടില്ലാത്തതുമാണ്. അസോസിയേഷന്റെ എത്തിക്സ്/ഡിസിപ്ലിനറി കമ്മിറ്റിയും അപെക്സ് കൗൺസിലും സംഭവത്തെക്കുറിച്ച് ആഴത്തിൽ പരിശോധിച്ച് ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കും.'- സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.