ബെംഗളൂരു: കാമുകിയുമായുള്ള വിവാഹത്തിനായി പണം കണ്ടെത്താനായി ബന്ധുവിന്റെ വീട്ടിൽ നിന്ന് 47 ലക്ഷം രൂപയുടെ സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ കർണാടക സ്വദേശി അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ ശ്രേയസ് (22) ആണ് ഹെബ്ബഗോഡി പോലീസിന്റെ പിടിയിലായത്. നാല് വർഷമായി യുവതിയുമായി പ്രണയത്തിലായിരുന്ന ശ്രേയസ്, വിവാഹിതരാകാൻ തീരുമാനിച്ച ഘട്ടത്തിൽ പണം തികയാതെ വന്നതോടെയാണ് മോഷണത്തിന് മുതിർന്നത്.

ശ്രേയസ് ജോലി ചെയ്തിരുന്ന കടയുടെ ഉടമയും ബന്ധുവുമായ ഹരീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ പണവും സ്വർണ്ണാഭരണങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന് ശ്രേയസിന് അറിയാമായിരുന്നു. തുടർന്ന്, സെപ്റ്റംബർ 15-ന് രാത്രി ഹരീഷിന്റെ വീട്ടിൽ അതിക്രമിച്ച് കയറി സ്വർണ്ണവും പണവും മോഷ്ടിക്കുകയായിരുന്നു. വീട്ടുടമയുടെ പരാതിയെത്തുടർന്ന് ഹെബ്ബഗോഡി പോലീസ് അന്വേഷണം ആരംഭിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ, മോഷ്ടാവായ ശ്രേയസിനെ അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് 416 ഗ്രാം സ്വർണ്ണവും 3.46 ലക്ഷം രൂപയും കണ്ടെത്തിയെടുക്കുകയും ചെയ്തു. കണ്ടെടുത്ത സ്വർണ്ണത്തിനും പണത്തിനും ഏകദേശം 47 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വിവാഹ ആവശ്യത്തിനുള്ള പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ഈ കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.