മംഗളൂരു: സഹോദരങ്ങൾക്കൊപ്പം ലൂഡോ കളിക്കുന്നതിനിടെ പ്ലാസ്റ്റിക് കരു വിഴുങ്ങി ശ്വാസകോശത്തിൽ കുടുങ്ങി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. മംഗളൂരുവിലെ തൊക്കോട്ടിന് സമീപം കോല്യയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കാസർഗോഡ് ജില്ലയിലെ മധൂർ ഉളിയത്തടുക്ക സ്വദേശികളായ രാജേഷ് ഗട്ടിയുടെയും രാജേശ്വരിയുടെയും മകൾ തനുഷ്ക (8) ആണ് മരിച്ചത്.

സ്കൂൾ അവധിയായിരുന്ന ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടിലിരുന്ന് സഹോദരങ്ങൾക്കൊപ്പം ലൂഡോ കളിക്കുകയായിരുന്നു തനുഷ്ക. കളിക്കിടെ അബദ്ധത്തിൽ കോൺ ആകൃതിയിലുള്ള ലൂഡോയിലെ പ്ലാസ്റ്റിക് കരു കുട്ടി വിഴുങ്ങുകയായിരുന്നു. ഇതോടെ തനുഷ്കക്ക് ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

പരിഭ്രാന്തയായ അമ്മ രാജേശ്വരി അയൽവാസികളുടെ സഹായത്തോടെ ഉടൻതന്നെ കുട്ടിയെ തൊക്കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ദേരളക്കട്ടയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി തനുഷ്ക മരണത്തിന് കീഴടങ്ങി. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ, തനുഷ്കയുടെ ശ്വാസകോശത്തിൽ പ്ലാസ്റ്റിക് കരു കുടുങ്ങിയ നിലയിൽ കണ്ടെത്തി.

ഉള്ളാളിലെ ഒരു സ്കൂളിൽ അധ്യാപികയായ രാജേശ്വരിക്ക് ജോലിയുടെ സൗകര്യത്തിനായാണ് കുടുംബം കോല്യയിലെ വാടക വീട്ടിൽ താമസിച്ചിരുന്നത്. തൊക്കോട്ടിലെ സെൻ്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു തനുഷ്ക. കളിക്കിടെയുണ്ടായ ഈ ദാരുണ സംഭവം കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു.