ന്യൂഡല്‍ഹി:യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പെരുമാറുന്നത് ലോകത്തിന്റെ പ്രസിഡന്റിനെ പോലെയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. ഇതിനെതിരെ സിപിഎം പാര്‍ട്ടി നിലപാടെടുക്കുമെന്നും എംഎ ബേബി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയിലല്ല പെരുമാറുന്നതെന്നും ഈ വിഷയം പാര്‍ട്ടി നിരീക്ഷിച്ച് നിലപാട് സ്വീകരിക്കുമെന്നും എം.എ ബേബി വ്യക്തമാക്കി. 'ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് പെരുമാറുന്നത്. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയിലല്ല. ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ പല നീക്കങ്ങളും നടത്തുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് എങ്ങനെ അനാവൃതമാകുമെന്ന് കൂടി നോക്കിയിട്ടാകും പാര്‍ട്ടി നിലപാടെടുക്കുക. കേന്ദ്രകമ്മിറ്റി യോഗത്തിലെത്തുമ്പോള്‍ പാര്‍ട്ടിയുടെ സ്ഥിതിഗതികള്‍ കുറച്ചുംകൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.'- എം.എ ബേബി പറഞ്ഞു

രാജ്യം ഒറ്റക്കെട്ടായി നിന്ന് വര്‍ഗീയ ഭീകരതയെ എതിര്‍ത്തിട്ടുണ്ട്. സിപിഎം പ്രതിനിധിസംഘം ഈ മാസം 12 ന് ശ്രീനഗര്‍ സന്ദര്‍ശിക്കും. ഈ സന്ദര്‍ഭം കുറ്റങ്ങളോ വീഴ്ച്ചയോ ചര്‍ച്ച ചെയ്യാനുള്ളതല്ല. ഇന്റലിജിന്‍സ് വീഴ്ച അടക്കം മാധ്യമങ്ങള്‍ പ്രസക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇതെല്ലാം പിന്നീട് ചര്‍ച്ച ചെയ്യും.

പൂരം കലക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം പ്രതികരിക്കും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍മാര്‍ പങ്കെടുക്കുന്നു എന്ന് ചില വാര്‍ത്തകള്‍ കണ്ടു. സിപിഎം സംസ്ഥാന സെക്രട്ടറി സദസ്സില്‍ ആണ് ഇരുന്നത്. പദ്ധതിക്കായി ഏറ്റവും കൂടുതല്‍ പണം മുടക്കിയത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.