ചെന്നൈ: നരേന്ദ്ര മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ചങ്ങാത്ത മുതലാളിത്തം, വർഗ്ഗീയത, അഴിമതി, വ്യക്തിഹത്യ, വഞ്ചന എന്നിവയാണ് മോദി സർക്കാരിന്റെ സവിശേഷതകളെന്നാണ് സ്റ്റാലിൻ വിമർശിച്ചത്.

ബിജെപി കോടികൾ മുടക്കിയുള്ള പരസ്യത്തിലൂടെയും വ്യാജ പ്രചാരണങ്ങളിലൂടെയും ഇതിനെ മറച്ചുവയ്ക്കുകയാണ്. കേന്ദ്ര സർക്കാരിനെതിരായ പോഡ് കാസ്റ്റ് പരമ്പരയുടെ രണ്ടാം പതിപ്പിലാണ് വിമർശനം. പാർലമെന്റിൽ കേന്ദ്ര സർക്കാരിലെ അഴിമതിയെ കുറിച്ചുള്ള സിഎജി റിപ്പോർട്ട് ചർച്ച ചെയ്യാൻ ധൈര്യമുണ്ടോയെന്നും സ്റ്റാലിൻ ചോദിച്ചു.

കഴിഞ്ഞ ദിവസം സ്റ്റാലിൻ 2014 ൽ 55 ലക്ഷം കോടി രൂപയായിരുന്ന പൊതുകടം ബിജെപി ഭരണത്തിൽ 155 ലക്ഷം കോടിയായി എന്ന് വിമർശിച്ചിരുന്നു. 2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറുമ്പോൾ ഇന്ത്യയുടെ കട ബാധ്യത 55 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ബിജെപിയുടെ ഭരണത്തിൽ കടം 155 ലക്ഷം കോടി രൂപയായി ഉയർന്നു. ബിജെപി അഴിമതി മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നത്. അഴിമതിയുടെ മുഖംമൂടി വലിച്ചുകീറണം. ഇതാണ് നമ്മുടെ മുന്നിലുള്ള പ്രാഥമിക കടമയെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.