ചെന്നൈ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പ്രളയ ബാധിത കുടുംബങ്ങൾക്കെതിരെ നിർമല സീതാരാമൻ നടത്തിയ പരാമശത്തിന് എതിരെയായിരുന്നു സ്റ്റാലിന്റെ വിമർശനം. സംസ്ഥാന സർക്കാർ ദുരിത ബാധിതർക്ക് ധനസഹായം നൽകിയപ്പോൾ നിർമല സീതാരാമൻ അതിനെ 'ഭിക്ഷ'യെന്ന് വിളിച്ച് ആക്ഷേപിച്ചു എന്ന് സ്റ്റാലിൻ ആരോപിച്ചു.

തിരുനെൽവേലിയിലേയും കന്യാകുമാരിയിലേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാടിന്റെ ആവശ്യങ്ങൾ കേന്ദ്രം അവഗണിക്കുകയാന്നെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പ്രളയബാധിത കുടുംബങ്ങൾക്ക് മതിയായ ഫണ്ട് നൽകുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രിമാരിൽ ഒരാൾ തമിഴ്‌നാടിനെ യാചകരായി കാണുമ്പോൾ മറ്റൊരു മന്ത്രി തമിഴരെ തീവ്രവാദികളായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ കേന്ദ്രം ജനങ്ങളെ അപമാനിക്കുമ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിൽ ഏപ്രിൽ 19ന് ഒറ്റഘട്ടമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്.