ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട് കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ചില നിബന്ധനകളോടെയാണ് അനുമതി. ഇക്കാര്യത്തിൽ, തമിഴ്‌നാട് പൊലീസിന് കോടതി നിർദ്ദേശം നൽകി. ബിജെപി കോയമ്പത്തൂർ ജില്ലാ പ്രസിഡന്റിന്റെ ഹർജിയിൽ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് റോഡ് ഷോയ്ക്ക് അനുമതി നൽകാൻ ഉത്തരവിട്ടത്.

തമിഴ്‌നാട് പൊലീസാണ് റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോയമ്പത്തൂരിൽ നടത്താനിരുന്ന റോഡ്ഷോയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. സുരക്ഷാകാരണങ്ങളാലാണ് അനുമതി നൽകാത്തതെന്നാണ് പൊലീസ് വിശദീകരണം.

കോയമ്പത്തൂർ ടൗണിൽ നാലു കിലോമീറ്റർ ദൂരത്തിലായി റോഡ്ഷോ നടത്തുന്നതിനാണ് പൊലീസിൽ നിന്ന് ബിജെപി അനുമതി തേടിയത്. 1998ൽ ബോംബ് സ്ഫോടനം നടന്ന ആർ.എസ്.പുരം ആണ് റോഡ്‌ഷോ സമാപനത്തിന് തീരുമാനിച്ചിരുന്നത്.

പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യമാണ് പ്രധാനകാരണമായി കോയമ്പത്തൂർ പൊലീസ് കമ്മീഷണർ ചൂണ്ടിക്കാട്ടിയത്. ബിജെപി റോഡ് ഷോക്കായി തെരഞ്ഞെടുത്ത സ്ഥലം സാമുദായിക സംഘർഷമുണ്ടാകാൻ സാധ്യതയുള്ള മേഖലയാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ഇതേ തുടർന്ന് റോഡ്ഷോയ്ക്ക് അനുമതി തേടി ബിജെപി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൊതു പരീക്ഷയുള്ള കുട്ടികളെ ബാധിക്കുമെന്നായിരുന്നു പൊലീസ് വിശദീകരണം. സുരക്ഷാ ഭീഷണി ഉണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ എസ്‌പിജി അനുമതി നൽകുമോ എന്ന് കോടതി ചോദിച്ചു. തങ്ങളുടെ അനുമതിയും വേണമെന്നായിരുന്നു ഇതിന് പൊലീസിന്റെ മറുപടി. റോഡ്ഷോയിൽ ഒരുലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് നേരത്തേ ബിജെപി കോയമ്പത്തൂർ ഘടകം പ്രസിഡന്റ് രമേഷ് കുമാർ അറിയിച്ചിരുന്നത്.